തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ താളം തെറ്റി, സംസ്ഥാനം ഭരണസ്തംഭനത്തിലേക്ക്. പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കാൻ ഇന്നലത്തെ മന്ത്രിസഭ യോഗം തീരുമാനിച്ചതോടെ വകുപ്പുകളിൽ ഭൂരിഭാഗവും ഈ സാമ്പത്തിക വർഷം ഉറക്കത്തിൽ ആയിരിക്കും.
പദ്ധതി ക്രമീകരിക്കും എന്നതാണ് സർക്കാർ ഭാഷ്യം. വെട്ടിക്കുറയ്ക്കൽ എന്നതാണ് ഇതിൻ്റെ ധനകാര്യ അർത്ഥം. 21,838 കോടിയാണ് ഈ സാമ്പത്തിക വർഷത്തെ സംസ്ഥാന പദ്ധതി വിഹിതം. ഇതിൽ 50 ശതമാനം വെട്ടിക്കുറയ്ക്കും. ഇതിലൂടെ 10919 കോടി ലാഭിക്കാം.
മുൻ വർഷങ്ങളിലും പദ്ധതി വിഹിതം 60 മുതൽ 65 ശതമാനം വരെയാണ് സംസ്ഥാനത്ത് നടന്നത്. നികുതി പിരിവിൻ്റെ കെടുകാര്യസ്ഥതയാണ് സംസ്ഥാനത്തെ കുത്തുപാളയെടുപ്പിച്ചത്. കോടി കണക്കിന് നികുതി അടയ്ക്കാനുള്ള മുതലാളിമാരെ കൊണ്ട് കേരളിയം പോലുള്ള പരിപാടിക്ക് സ്പോൺസർഷിപ്പ് സംഘടിക്കുക എന്ന പണി മാത്രമാണ് നികുതി വകുപ്പ് ചെയ്യുന്നത്.
പ്ലാൻ ബി ബാലഗോപാൽ ആരംഭിച്ചു കഴിഞ്ഞു. അതിൻ്റെ പ്രഖ്യാപനമായിരുന്നു ഇന്നലത്തെ മന്ത്രിസഭ യോഗം. മുഖ്യമന്ത്രിക്കും ഏറ്റവും പ്രിയപ്പെട്ട മന്ത്രിമാർക്കും മിച്ചമുള്ള പദ്ധതി വിഹിതം ലഭിക്കും. മറ്റ് മന്ത്രിമാരുടെ കാര്യം കട്ടപ്പൊകയാകുമെന്ന് ഉറപ്പായിരിക്കുകയാണ്. സിപിഐ മന്ത്രിമാർ പദ്ധതി പണം കിട്ടാൻ കടുത്ത സമ്മർദ്ദം ചെലുത്തേണ്ടി വരും. പദ്ധതികള്‍ വെട്ടിക്കുറച്ച് കുടിശ്ശിക തീർക്കാനുള്ള കെ.എൻ. ബാലഗോപാലിൻ്റെ പ്ലാൻ ബി മണ്ടത്തരം എന്നാണ് ധനകാര്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.