തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അംഗീകൃത തൊഴിലാളികള്‍ക്കും ഇരുട്ടടി കൊടുത്ത് സര്‍ക്കാര്‍ തൊഴില്‍ നികുതി വര്‍ദ്ധിപ്പിച്ചു. എല്ലാ സാമ്പത്തിക വര്‍ഷങ്ങളിലും രണ്ടുതവണയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി പിരിക്കുന്ന നികുതിയാണ് കുത്തനെ കൂട്ടിയത്. ആറാം സംസ്ഥാന ധനകാര്യ കമ്മീഷന് റിപ്പോര്‍ട്ടിലെ ശിപാര്‍ശ പ്രകാരമാണ് വര്‍ദ്ധനവ് എന്നാണ് ഇതുസംബന്ധിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നത്. കുറഞ്ഞ ശമ്പളം ഉള്ളവര്‍ക്ക് നികുതി ഭാരം കൂടുന്ന തരത്തിലാണ് വര്‍ദ്ധനവ്.
ജീവനക്കാരുടെ അര്‍ഹമായ ആനുകൂല്യങ്ങള്‍ വര്‍ഷങ്ങളായി കുടിശ്ശിക വരുത്തിയിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജീവനക്കാര്‍ക്ക് കനത്ത തിരിച്ചടിയാണ് നികുതി വര്‍ദ്ധനവ്. കുറഞ്ഞ ശമ്പളം ഉള്ളവര്‍ക്ക് നികുതി ഭാരം കൂടുന്ന തരത്തിലാണ് പുതിയ നികുതി പരിഷ്കരണം.
തദ്ദേശ സ്ഥാപനങ്ങളിലെ അര്‍ദ്ധ വാര്‍ഷിക തൊഴില്‍ നികുതി ഇരട്ടിയിലധികം ഉയര്‍ത്തിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും തൊഴില്‍ നികുതി സ്ലാബുകള്‍ പരിഷ്കരിച്ച് സര്‍ക്കാര്‍ പട്ടിക പുറത്തിറക്കി. പരിഷ്കരിച്ച തൊഴില്‍ നിരക്കുകള്‍ 2024 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
ആറ് മാസത്തെ ശമ്പളം അടിസ്ഥാനമാക്കിയാണ് തൊഴില്‍ നികുതി ഈടാക്കുന്നത്. 6 മാസത്തെ ശമ്പളം 11,999 വരെ ഉള്ളവര്‍ക്ക് തൊഴില്‍ നികുതി നിരക്കില്‍ മാറ്റമില്ല. 12,000 മുതല്‍ 17,999 വരെ ശമ്പളം ഉള്ളവരുടെ നികുതി നിരക്ക് 120 രൂപ എന്നുള്ളത് 320 രൂപ ആയി ഉയര്‍ത്തിയിട്ടുണ്ട്. 18,000 മുതല്‍ 29,999 ഉള്ളവരുടെ പുതിയ നികുതി 450 രൂപയാണ്. നേരത്തെ ഈ നികുതി 180 രൂപയായിരുന്നു.
30,000 മുതല്‍ 44,999 വരെ ശമ്പളം ഉള്ള ആളുകളുടെ തൊഴില്‍ നികുതി ഇനി മുതല്‍ 600 രൂപയാണ്. നേരത്തെ 300 രൂപയായിരുന്ന ഇത് ഇരട്ടിയായാണ് വര്‍ധിച്ചത്. 45,000 മുതല്‍ 99,999 വരെ ഉള്ളവരുടെ പുതിയ നികുതി 750 രൂപയാണ്. നേരത്തെ ഇത് 450, 600, 750 നിരക്കിലായിരുന്നു.
1,00,000 മുതല്‍ 1,24,999 വരെ ഉള്ളവര്‍ക്കും 1,25,000 വരെ ഉള്ളവര്‍ക്കും തൊഴില്‍ നികുതിയില്‍ മാറ്റമില്ല. യഥാക്രമം 1000 രൂപയും 1250 രൂപയും ആണ് ഇവരുടെ തൊഴില്‍ നികുതി.