കേരളം എന്ന വാക്ക് പോലുമില്ല; ബജറ്റിനെ രാഷ്ട്രീയ അസ്ഥിരത പരിഹരിക്കാനുള്ള ഡോക്യുമെന്റാക്കി; വിമര്‍ശനവുമായി വിഡി സതീശന്‍

രാഷ്ട്രീയ അസ്ഥിരത പരിഹരിക്കാനും അധികാരം നിലനിര്‍ത്താനുമുള്ള ഡോക്യുമെന്റാക്കി ബജറ്റിനെ കേന്ദ്രസര്‍ക്കാര്‍ മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ദേശീയ കഴ്ചപ്പാടില്ലാത്ത സങ്കുചിത രാഷ്ട്രീയ താല്പര്യം മാത്രമാണ് ബജറ്റിലുള്ള്. ബീഹാറിനും ആന്ധ്രക്കും വാരിക്കോരി കൊടുത്തപ്പോള്‍ കേരളം എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും ധനമന്ത്രി തയ്യാറാകാതിരുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കാര്‍ഷിക, തൊഴില്‍, തീരദേശ മേഖലകള്‍ ഉള്‍പ്പെടെ കേരളത്തെ പൂര്‍ണമായും അവഗണിച്ചു. ദുരന്തനിവാരണ പാക്കേജില്‍ കേരളത്തിന്റെ പേരെയില്ല. എയിംസ് സംബന്ധിച്ച് തിരഞ്ഞെടുപ്പു കാലത്ത് നല്‍കിയ വാഗ്ദാനവും പാലിച്ചില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കാലാനുസൃതമായി വര്‍ധിപ്പിക്കാത്തതും കേരളത്തിന് തിരിച്ചടിയാണ്. കേരളത്തില്‍ നിന്നും ബിജെപി എംപിയെ വിജയിപ്പിച്ചാല്‍ സംസ്ഥാനത്തെ കൂടുതല്‍ പരിഗണിക്കുമെന്ന പ്രചരണത്തിലെ പൊള്ളത്തരവും ഈ ബജറ്റിലൂടെ പുറത്തുവന്നതായും സതീശന്‍ വ്യക്തമാക്കി.

ദേശീയ ബജറ്റിന്റെ പൊതുസ്വഭാവം തന്നെ ഇല്ലാതാക്കി. ബിജെപിയും ഘടകകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളെന്നും ബിജെപി ഇതര സംസ്ഥാനങ്ങളെന്നുമുള്ള വേര്‍തിരിവ് ബജറ്റ് പ്രസംഗത്തില്‍ ഉണ്ടായത് നിര്‍ഭാഗ്യകരമാണ്. തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഏറ്റിട്ടും സാധാരണകാരെ മറന്നു കൊണ്ട് കോര്‍പറേറ്റുകളെ സഹായിക്കുന്ന നിലപാട് തന്നെയാണ് മൂന്നാം മോദി സര്‍ക്കാരും പിന്തുടരുന്നതെന്ന് ഈ ബജ്ജറ്റിലൂടെ വ്യക്തമായി. കാര്‍ഷിക കടം എഴുതിത്തള്ളണമെന്നും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കണമെന്നുമുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചില്ല. കോണ്‍ഗ്രസ് മാനിഫെസ്റ്റോയെ പരിഹസിച്ച അതേ മോദി തന്നെയാണ് യുവക്കാള്‍ക്കുള്ള അപ്രന്റീസ്ഷിപ്പ് പ്രോഗ്രാം അതില്‍ നിന്നും കടമെടുത്തതെന്നും സതീശന്‍ പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *