വയനാട് പുനരധിവാസത്തിലെ സർക്കാർ നാടകങ്ങൾക്കെതിരെ കെ. മുരളീധരൻ

വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങളിലെ മെല്ലെപ്പോക്കിലും സംസ്ഥാന സർക്കാരിന്റെ ഭരണപരാജയങ്ങളിലും കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്തെത്തി. വയനാട്ടിൽ കോൺഗ്രസ് വാഗ്ദാനം ചെയ്ത 100 വീടുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും ജനങ്ങളെ വഞ്ചിക്കുന്ന സമീപനം പാർട്ടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ നിർമ്മിച്ച വീടുകളുടെ പണി പൂർത്തിയാകുന്നതിന് മുൻപേ ഉദ്ഘാടന നാടകം നടത്തുന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും, രേഖ കൈമാറൽ എന്നത് വെറും ആളെപ്പറ്റിക്കൽ പരിപാടിയാണെന്നും അദ്ദേഹം പരിഹസിച്ചു. ഏറ്റവും കൂടുതൽ ജനങ്ങളെ പറ്റിച്ച വ്യക്തി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പേരാമ്പ്രയിലെ സ്ട്രോങ് റൂമിന് സമീപമുണ്ടായ അസ്വാഭാവികമായ ഇടപെടലുകളെയും മുരളീധരൻ ശക്തമായി ചോദ്യം ചെയ്തു. സ്ട്രോങ് റൂമിന് സമീപത്തേക്ക് ആർക്കും പോകേണ്ട ആവശ്യമില്ലെന്നും വോട്ടിങ് യന്ത്രങ്ങൾ പോലും അട്ടിമറിക്കാൻ മടിക്കാത്തവരാണ് ഭരണപക്ഷമെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിക്ക് പാർട്ടിയിലില്ലാത്ത ‘ക്യാപ്റ്റൻ’ പോലുള്ള പദവികൾ നൽകി സ്തുതിപാടുകയാണ് ചിലർ. മറ്റൊരു മുഖ്യമന്ത്രിയെ ‘നികൃഷ്ട ജീവി’ എന്ന് വിളിച്ച പിണറായി വിജയൻ മലയാളത്തിന് പുതിയ പല സംഭാവനകളും നൽകുന്നുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും മുരളീധരൻ രൂക്ഷമായി സംസാരിച്ചു. മുഖ്യമന്ത്രി നക്കിത്തുടച്ച ഖജനാവാണ് ഇപ്പോൾ ബാക്കിയുള്ളതെന്നും, ശൂന്യമായ ഈ ഖജനാവ് വെച്ചാണ് അലാവുദ്ദീന്റെ അത്ഭുത വിളക്ക് പോലെ കാര്യങ്ങൾ നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുൻ ഡിജിപി ആർ. ശ്രീലേഖയുടെ രാഷ്ട്രീയ നിലപാടുകളെയും അദ്ദേഹം വിമർശിച്ചു. ശ്രീലേഖ ഇപ്പോൾ പൂർണ്ണമായും ബിജെപിക്കാരിയായി മാറിയെന്നും നെട്ടയത്തെ സംഭവങ്ങളെ പർവ്വതീകരിച്ച് കാണിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്തെ കുടിവെള്ള ക്ഷാമത്തിൽ ഭരണപക്ഷവും ബിജെപിയും പരസ്പരം പഴിചാരുകയാണെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ മാത്രമേ ജനങ്ങളുടെ ദുരിതത്തിന് ശാശ്വത പരിഹാരമുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.