തിരുവനന്തപുരം: കാസര്‍ഗോഡ് എസ് പി വയര്‍ലസിലൂടെ നല്കുന്ന ‘സാട്ട ‘പോലീസ് സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരും രാവിലെ 8 മണിക്കെത്തി കേള്‍ക്കണമെന്ന ഡിവൈ എസ് പി യുടെ നിര്‍ദ്ദേശം വിവാദത്തില്‍. കാസര്‍കോട്ടെ കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങത്ത് ആണ് രേഖാമൂലം ഈ നിര്‍ദ്ദേശം സ്റ്റേഷനുകള്‍ക്ക് കൈമാറിയത്.
പോലീസ് സ്റ്റേഷന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനാണ് സാധാരണ ഗതിയില്‍ സാട്ട അറ്റന്‍ഡ് ചെയ്യുക. തന്റെ സ്റ്റേഷനിലെ കേസുകള്‍, അറസ്റ്റ്, വാറണ്ട് നടപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ മേലധികാരിയെ അറിയിക്കുകയാണ് ലക്ഷ്യം. ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ മേലധികാരി അപ്പോള്‍ തന്നെ വയര്‍ലെസ്സിലൂടെ നല്‍കുകയും ചെയ്യും.എല്ലാ ദിവസവും രാവിലെ 8 മണിക്കാണ് സാട്ട തുടങ്ങുക. ജില്ലാ പോലീസ് മേധാവി ആയിരിക്കും ഓരോ പോലീസ് ജില്ലയിലും സാട്ട നോക്കുക.അസൗകര്യമുണ്ടെങ്കില്‍ അഡിഷണല്‍ എസ് പി മാര്‍ ഈ ചുമതല നിര്‍വഹിക്കും.
പോലീസ് സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരും സാട്ട കേള്‍ക്കണമെന്ന് ഒരു നിര്‍ദ്ദേശവും ഇതുവരെ ഉണ്ടായിട്ടില്ല. പോലീസ് സ്റ്റാന്‍ഡിങ് ഓര്‍ഡറിലും ഇത്തരത്തിലൊരു ആവശ്യം പറയുന്നില്ല. മിക്ക സാട്ടകളും ഒരു മണിക്കൂര്‍ നീണ്ടു നില്ക്കുന്നവയാണ്. സ്റ്റേഷനുകളുടെ എണ്ണം കൂടുതലുള്ള ജില്ലകളില്‍ ഇത് ഒന്നര മണിക്കൂര്‍ വരെ നീളാം. അങ്ങനെയുള്ളപ്പോള്‍ മുഴുവന്‍ പോലീസുകാരും രാവിലെ എട്ടിന് സ്റ്റേഷനിലെത്തി സാട്ട കേള്‍ക്കണമെന്ന് നിര്‍ദ്ദേശിക്കുന്നതിലെ ഔചിത്യമാണ് ചര്‍ച്ചയാകുന്നത്. പോലീസുകാര്‍ക്ക് ഇത് അമിത ഭാരമാകും. അതുകൊണ്ട് തന്നെ ഇത്തരമൊരു വിചിത്ര നിര്‍ദ്ദേശം നല്കാന് ഡി വൈ എസ് പി ക്ക് ആര് അധികാരം നല്കി എന്നതാണ് ചോദ്യം.
ഡിവൈ എസ് പി യുടെ ഈ നിര്‍ദ്ദേശം പാലിക്കപ്പെട്ടാല്‍ രാവിലെ ഒരു മണിക്കൂറിലേറെ പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം നിശ്ചലമാകും. ജില്ലാ പോലീസ് മേധാവിമാരുടെ നിര്‍ദ്ദേശങ്ങള്‍ ആവശ്യമെങ്കില്‍ കീഴ്ദ്യോഗസ്ഥരെ അറിയിക്കുന്നതും അതു പാലിക്കുന്നെണ്ടെന്നു ഉറപ്പാക്കുകയും ചെയ്യുന്നത് അതതു സ്റ്റേഷന് ചുമതലയുള്ള ഉദ്യോഗസ്ഥരാണ്. വിവാദ സാട്ട നിര്‍ദ്ദേശം സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.