പിണറായി മന്ത്രിസഭയില്‍ വെറുതെ കുറേ മന്ത്രിമാരുണ്ട്. വിടുവായത്തം അടിക്കുന്നതല്ലാതെ ഒന്നും ചെയ്യില്ല

പിണറായി മന്ത്രിസഭയില്‍ വെറുതെ കുറേ മന്ത്രിമാരുണ്ട്. വിടുവായത്തം അടിക്കുന്നതല്ലാതെ ഒന്നും ചെയ്യില്ല. അതില്‍ പ്രധാനിയാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച 2024 ജൂലൈ യിലെ പ്രതിമാസ കളക്ഷന്‍ റിപ്പോര്‍ട്ട് ഒന്ന് പരിശോധിച്ച് നോക്കിയാല്‍ ബാലഗോപാലിനോട് പണി നിര്‍ത്താന്‍ പറയേണ്ടി വരും.

റിപ്പോര്‍ട്ട് പ്രകാരം 2023 ജൂലൈയില്‍ കേരളത്തിന്റെ നികുതി വരുമാനം 2381 കോടി. 2024 ജൂലൈയിലെ വരുമാനം 2493 കോടി. വളര്‍ച്ച കേട്ടാല്‍ ഞെട്ടരുത്. വെറും 5 ശതമാനം. 2017 ല്‍ ജി.എസ്.ടി നടപ്പിലാക്കിയപ്പോള്‍ ആഹ്‌ളാദ നൃത്തം ചവിട്ടിയ ധനമന്ത്രിയായിരുന്നു തോമസ് ഐസക്ക്. പ്രതിവര്‍ഷം 30 ശതമാനം വളര്‍ച്ച ഉണ്ടാകും എന്നായിരുന്നു ഐസക്കിന്റെ പ്രഖ്യാപനം. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ജി.എസ്.ടി ഗുണം ചെയ്യും എന്ന അടിസ്ഥാനത്തിലായിരുന്നു ഐസക്ക് നൃത്തം ചവിട്ടിയത്.

ഐസക്കിന് മന്ത്രി കസേരയും പോയി തോറ്റ എം.പി യും ആയിട്ടും സംസ്ഥാനത്തിന്റെ നികുതി വളര്‍ച്ച വെറും 2 ശതമാനം മാത്രം. വളര്‍ന്നത് പാര്‍ട്ടി മാത്രം. എ.കെ. ജി സെന്ററില്‍ പുതിയ മാളിക ഉയരുകയാണ്. സര്‍വ്വ രാജ്യ തൊഴിലാളികളും സന്തോഷിക്കുക.ഖജനാവ് ശോഷിച്ച് ഒരു പരുവമായി. ബാലഗോപാലിന് ധനകാര്യത്തിന്റെ ബാലപാഠങ്ങള്‍ ഇതുവരെ മനസിലായിട്ടില്ല.

റിപ്പോര്‍ട്ട് പ്രകാരം ഐജിഎസ്ടി വിഹിത വളര്‍ച്ച മൈനസ് 1 ലേക്ക് കൂപ്പ് കുത്തി. GST ഭരണ സംവിധാനത്തിന്റെ കെടുകാര്യസ്ഥതമൂലമാണ് വരുമാന വര്‍ദ്ധന സാധ്യമാവാത്തത്. IGST യിലൂടെ പ്രതിവര്‍ഷം 5000 കോടിയുടെ നഷ്ടം സംഭവിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഒരു വര്‍ഷത്തിന് മുമ്പേ മുന്നറിയിപ്പ് നല്‍കിയതാണ് ഇത് സര്‍ക്കാരിന്റെ കീഴിലുള്ള ഗിഫ്റ്റും എക്‌സ്പന്‍ഡീച്ചര്‍ റിവ്യൂ കമ്മറ്റി റിപ്പോര്‍ട്ടിലും ചൂണ്ടികാണിച്ചിരുന്നു.

വിവിധ മേഖലകളില്‍ നിന്നും നികുതി വരുമാനം ഉയരാത്തത് നികുതി വകുപ്പിന്റെ തലപ്പത്ത് രാഷ്ട്രീയ നിയമനങ്ങള്‍ കുത്തി നിറച്ചത് മൂലമാണ്. സ്വര്‍ണ്ണ വില റിക്കാര്‍ഡ് ഭേദിച്ച് മുന്നേറുന്നുണ്ടെങ്കിലും വരുമാനം 6 വര്‍ഷം മുമ്പ് ലഭിച്ചത് പോലും ഇല്ല. സിമന്റ്, കമ്പി, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ തുടങ്ങി വിലക്കയറ്റം അതിന്റെ പാരമ്യത്തില്‍ എത്തിയിട്ടും അതിന് ആനുപാതികമായി നികുതി വരുമാന വളര്‍ച്ച കൈവരിക്കാനാകാത്തത് ഒന്നും രണ്ടും പിണറായി സര്‍ക്കാരിന്റെ പോരായ്മയാണ്.

പണം ഇല്ലാത്തതിനാല്‍ ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങി. സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും വറുതിയുടെ പടുകുഴിയിലാണ്. ഇതില്‍ നിന്ന് കരകയറാനുള്ള വഴി വെട്ടേണ്ടത് ധനമന്ത്രി ബാലഗോപാലായിരുന്നു. എന്നാല്‍ മന്ത്രിക്ക് ധന നികുതി വകുപ്പില്‍ പ്രത്യേക റോളില്ല എല്ലാ കാര്യങ്ങളുടേയും നിയന്ത്രണം മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. നികുതി പിരിക്കേണ്ട ഉദ്യോഗസ്ഥരെ കൊണ്ട് കേരളീയത്തിനും നവകേരള സദസ്സിനും പണം കണ്ടെത്തല്‍, വന്‍കിട നികുതി വെട്ടിപ്പ് കേസുകള്‍ ഒതുക്കല്‍ തുടങ്ങി എല്ലാ വിധ അധാര്‍മ്മിക ഇടപാടുകളും നടക്കുമ്പോള്‍ ധനമന്ത്രി മൂക സാക്ഷിയാണ്.

ഇപ്പോള്‍ മാസം 1.5 ലക്ഷം ശമ്പളം നല്‍കി വിരമിച്ച ഏതാനും ചിലരെ 1 വര്‍ഷത്തേക്ക് പുനര്‍നിയമനം നടത്തുവാനുള്ള തിരക്കിലാണ് ധനമന്ത്രിയുടെ ഓഫീസ്.

Leave a Reply

Your email address will not be published. Required fields are marked *