കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി ഗ്രൂപ്പ് പോര് മുറുകുന്നു

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, കേരളത്തിൽ ഭരണമാറ്റമുണ്ടായാൽ മുഖ്യമന്ത്രി പദം ആർക്ക് എന്നതിനെച്ചൊല്ലി കോൺഗ്രസിൽ കടുത്ത വിഭാഗീയത ഉടലെടുക്കുന്നു. കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരെ അനുകൂലിക്കുന്ന മൂന്ന് ഗ്രൂപ്പുകളാണ് അധികാരത്തിനായി ചതുരംഗക്കളത്തിൽ കരുനീക്കുന്നത്.
ഡൽഹിയിലെ സ്വാധീനം പരമാവധി പ്രയോജനപ്പെടുത്താനാണ് കെ.സി. വേണുഗോപാൽ പക്ഷത്തിന്റെ നീക്കം. കൂടുതൽ എം.പിമാരെ ഹൈക്കമാൻഡിന് മുന്നിലെത്തിച്ച് പിന്തുണ ഉറപ്പാക്കാൻ കെ. സുധാകരൻ വഴി സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. എം.പിമാരുടെ പിന്തുണ തന്റെ കരുത്തായി കെ.സി പക്ഷം ഉയർത്തിക്കാട്ടുന്നു.
എം.എൽ.എമാരുടെ ഭൂരിപക്ഷം കൈക്കലാക്കാനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമം. എതിർ ഗ്രൂപ്പുകളിലെ പല എം.എൽ.എമാരും തങ്ങളോട് സഹകരിക്കാൻ തയ്യാറാണെന്നാണ് സതീശൻ വിഭാഗത്തിന്റെ അവകാശവാദം. എം.എൽ.എമാരുടെ എണ്ണം കാണിച്ച് ഹൈക്കമാൻഡിനെ വരുതിയിലാക്കാൻ ഇവർ ഒരുങ്ങുന്നു. പാർട്ടിയുടെ മുതിർന്ന നേതാവായ ചെന്നിത്തലയെ തഴയാനാവില്ലെന്ന നിലപാടിലാണ് അദ്ദേഹത്തിന്റെ അനുയായികൾ. ‘കളത്തിൽ താനുമുണ്ട്’ എന്ന സന്ദേശം ഹൈക്കമാൻഡിന് നൽകിക്കൊണ്ട് അനുകൂലികളെ സംഘടിപ്പിക്കാൻ ഇവർ നീക്കങ്ങൾ സജീവമാക്കി.
ഗ്രൂപ്പ് പോര് രൂക്ഷമായിരിക്കുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിലാണ്. കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്കെതിരെ സൈബർ ഇടങ്ങളിൽ വലിയ തോതിൽ ആക്രമണം നടക്കുന്നുണ്ട്. ഇത്തരം കമന്റുകൾക്ക് പിന്നിൽ വ്യാജ ഐഡികളാണെന്നാണ് നേതൃത്വത്തിന്റെ സംശയം. വി.ഡി സതീശനെ അനുകൂലിക്കുന്ന സൈബർ തരംഗത്തിന്റെ ഉറവിടം പരിശോധിക്കാനും കെ.സി പക്ഷം തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ഈ തർക്കം പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറികൾക്ക് വഴിമാറുമോ എന്ന ആശങ്കയിലാണ് അണികൾ.