സഖാക്കൾ വിവാദത്തിൽ പെടുമ്പോൾ രക്ഷിക്കാൻ അന്വേഷണം പ്രഖ്യാപിക്കുകയും പിന്നീട് ആ റിപ്പോർട്ട് പൂഴ്ത്തിവെക്കുന്നതും പിണറായി സർക്കാരിന്റെ പതിവ്. 2019 ൽ കിട്ടിയ ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വരാൻ വിവരവകാശ കമ്മീഷന്റെ ഇടപെടൽ വേണ്ടിവന്നു.
തിരുവനന്തപുത്ത് അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് കൊടുത്ത സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് കിട്ടിയിട്ടും റിപ്പോർട്ട് ഇതുവരെ പുറംലോകം കണ്ടിട്ടില്ല. ആരോഗ്യ മന്ത്രി വീണ ജോർജ് റിപ്പോർട്ട് ഭദ്രമായി സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. പ്രതിസ്ഥാനത്ത് സിപിഎമ്മുകാർ ആകുമ്പോൾ റിപ്പോർട്ട് പൂഴ്ത്തുകയാണല്ലോ മന്ത്രി ധർമ്മം.
തിരുവനന്തപുരത്ത് അനുപമ എന്ന അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ വിഷയത്തിൽ പ്രതിസ്ഥാനത്ത് ശിശുക്ഷേമ സമിതിയും ശിശുക്ഷേമ കമ്മിറ്റിയും ആയിരുന്നു. ശിശുക്ഷേമ സമിതിയുടെ സെക്രട്ടറി ഷിജു ഖാൻ ഇന്ന് തിരുവനന്തപുരം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി. ഷിജുഖാനും സമിതിയുടെ സൂപ്രണ്ടും ആയിരുന്നു പ്രതിസ്ഥാനത്ത്.
അനുപമയുടെ പിതാവ് സി.പി.എം പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗവുമായ പി.എസ് ജയചന്ദ്രന്റെ സ്വാധീനത്തിൽ സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ ആയിരുന്നു നിയമവിരുദ്ധ പ്രവർത്തനം നടന്നത്. ബൃന്ദ കാരാട്ട്, പി.കെ. ശ്രീമതി തുടങ്ങിയ മുതിർന്ന സിപിഎം വനിത നേതാക്കൾ ഇടപെട്ടിട്ട് പോലും അനുപമക്ക് കുഞ്ഞിനെ കിട്ടിയിരുന്നില്ല.
ഞാൻ തോറ്റു പോയി എന്ന് ശ്രീമതി ടീച്ചർ ഏഷ്യാനെറ്റ് ചാനലിൽ അന്ന് തുറന്ന് പറഞ്ഞു. കുഞ്ഞിന് വേണ്ടിയുള്ള അനുപമയുടെ പോരാട്ടം മാധ്യമങ്ങളും പ്രതിപക്ഷവും ഏറ്റെടുത്തതോടെയാണ് അനുപമക്ക് കുഞ്ഞിനെ കിട്ടിയത്. ദത്ത് വിവാദത്തിൽ അന്വേഷണം നടത്തിയത് അന്നത്തെ വനിത ശിശുവികസന ഡയറക്ടർ അനുപമ ഐഎഎസ് ആയിരുന്നു.
ശുപാർശകൾ അടക്കം വ്യക്തമായ റിപ്പോർട്ട് അനുപമ ഐഎഎസ് സർക്കാരിന് നൽകി. റിപ്പോർട്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. എം.കെ. മുനീർ 2022 ഫെബ്രുവരി 22 ന് നിയമസഭയിൽ ചോദ്യം ഉന്നയിച്ചു. റിപ്പോർട്ട് തരാൻ വീണ ജോർജ് തയ്യാറായില്ല.
വീണ ജോർജിന്റെ മറുപടി ഇങ്ങനെ ‘ആരോപണം ഉന്നയിച്ചിരിക്കുന്നവരും ആരോപണത്തിന് വിധേയരായവരുടെയും തികച്ചും വ്യക്തിപരമായ വിവരങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുന്നതിനാലും റിപ്പോർട്ടിലെ ശുപാർശയിൻമേൽ തുടർന്ന് നടപടികൾ നടന്ന് വരുന്നതിനാലും റിപ്പോർട്ടിന്റെ പകർപ്പ് തൽക്കാലം നൽകാൻ സാധിക്കുകയില്ല. നിയമപരമായ തുടർനടപടികൾ പൂർത്തികരിച്ചതിന് ശേഷം പ്രസ്തുത റിപ്പോർട്ടിന്റെ പകർപ്പ് നൽകുന്ന കാര്യം പരിഗണിക്കുന്നതാണ്. റിപ്പോർട്ട് ആവശ്യപ്പെട്ട കുഞ്ഞിന്റെ അമ്മ അനുപമ വീണ ജോർജിനെ കണ്ടെങ്കിലും അനുപമക്കും വീണ റിപ്പോർട്ട് കൊടുത്തില്ല.
2021 ഒക്ടോബർ 20 ന് പ്രതിപക്ഷം ശിശുക്ഷേമ സമിതിയിലെ അനധികൃത ദത്ത് നൽകൽ അടിയന്തിര പ്രമേയമായി അവതരിപ്പിച്ചപ്പോഴും പ്രതികളെ സംരക്ഷിക്കുന്ന നിലപാടായിരുന്നുവീണ ജോർജ് സ്വീകരിച്ചത്.