ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്തുനിന്ന് രഞ്ജിത്ത് രാജിവെച്ചു. ബംഗാളി നടി ശ്രീലേഖ മിത്രയില് നിന്ന് ലൈംഗികാരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് രാജിവെച്ചിരിക്കുന്നത്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് രാജിക്കത്ത് കൈമാറി.
രഞ്ജിത്തിനെതിരെ ആരോപണം ഉയർന്നതോടെ വിവിധ രാഷ്ട്രീയ സിനിമ കേന്ദ്രങ്ങളിൽ നിന്ന് രാജിക്കുവേണ്ടിയുള്ള ആവശ്യം ഉയർന്നിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുതൽ ചലച്ചിത്ര പ്രവർത്തകർ വരെ രഞ്ജിത്തിനെതിരെ രംഗത്തുവന്നിരുന്നു. ഇതോടെ എതിർപ്പുകൾ അവഗണിച്ച് മുന്നോട്ടുപോകാനാകാത്ത സാഹചര്യത്തിലാണ് സർക്കാർ. രാജിക്കുള്ള നിർദ്ദേശം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തന്നെ ഉണ്ടായി എന്നാണ് അറിയുന്നത്.
യുവനടിയുടെ ലൈംഗിക ആരോപണത്തില്‍ താരസംഘടന അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന നടന് സിദ്ദിഖ് രാജിവെച്ചതിന്റെ പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി.
രഞ്ജിത്ത് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കനത്തതോടെ കോഴിക്കോട് ചാലപ്പുറത്തുള്ള രഞ്ജിത്തിന്റെ വീടിന് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ഇന്നലെ അറസ്റ്റ് ആവശ്യപ്പെട്ടു രഞ്ജിത്ത് താമസിച്ചിരുന്ന വയനാട്ടിലെ സ്വകാര്യ വസതിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു.