അമ്മയുടെ കൂട്ടരാജിയില്‍ എനിക്ക് അത്ഭുതമൊന്നുമില്ല; പാര്‍വതി

കൊച്ചി: ആരോപണങ്ങള്‍ക്ക് പിന്നാലെ താരസംഘടനയായ അമ്മയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ കൂട്ടരാജി ഭീരുത്വമാണെന്ന് നടി പാര്‍വതി തിരുവോത്ത്. മറുപടി പറയേണ്ട ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് നടത്തിയതെന്നും നടി കൂട്ടിച്ചേര്‍ത്തു. ബര്‍ഖ ദത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
ഈ വാര്‍ത്ത കേട്ടപ്പോള്‍ അവര്‍ എത്ര ഭീരുക്കളാണെന്നാണ് എനിക്ക് ആദ്യം തോന്നിയത്. ഈ വിഷയത്തില്‍ ഉത്തരവാദിത്തത്തോടെ സംസാരിക്കാനുള്ള ഒരു സ്ഥാനത്താണ് അവര്‍ ഇരുന്നിരുന്നത്. സര്‍ക്കാരുമായി സഹകരിച്ച് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു ചെറിയ നീക്കമെങ്കിലും അവര്‍ നടത്തണമായിരുന്നു. ഈ എക്‌സിക്യൂട്ടീവ് കമ്മിറ്റി തന്നെയാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതിയെ സംഘടനയിലേക്ക് തിരികെ സ്വാഗതം ചെയ്തത്.
ഈ എക്‌സിക്യൂട്ടീവ് കമ്മിറ്റി തന്നെയാണ് ലൈംഗികാരോപണങ്ങള്‍ പുറത്ത് വരുന്നത് വരെ അങ്ങനെയാതൊന്നും ഇവിടെ നടക്കുന്നില്ലെന്ന ഭാവത്തോടെ ഇരുന്നത്. സ്ത്രീകള്‍ക്ക് പരാതിയുണ്ടെങ്കില്‍ മുന്നോട്ട് വരട്ടെയെന്ന് പറഞ്ഞ് സര്‍ക്കാരും അശ്രദ്ധ കാണിച്ചു. പൊതുസമൂഹത്തിന്റെ കുറ്റവും പരിഹാസവും ഏറ്റുവാങ്ങേണ്ട അവസ്ഥയിലൂടെ സ്ത്രീകള്‍ കടന്നുപോകും. അതിന് ശേഷം ഞങ്ങളുടെ കരിയര്‍, മനസികാരോഗ്യം എന്നിവയെക്കുറിച്ചൊന്നും ആരും ചിന്തിക്കുകയില്ല.
അതൊന്നും ആര്‍ക്കും ഒരു വിഷയമേയല്ല. ഞങ്ങളല്ല ഈ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. ഞങ്ങളല്ല തെറ്റുകാര്‍. പക്ഷേ ഇതിന്റെ ആഘാതമെല്ലാം ഏറ്റുവാങ്ങേണ്ടി വരുന്നത് സ്ത്രീകളാണ്. മുന്നോട്ട് വന്ന സ്ത്രീകളെ ഞങ്ങള്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ രാജിവച്ചതില്‍ എനിക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ല. അമ്മ എങ്ങനെയാണ് പ്രവര്‍ത്തിക്കുകയെന്ന് എനിക്കറിയാം. ഞാനും അതിന്റെ ഭാഗമായിരുന്നു. അതുകൊണ്ടാണ് ഞാന്‍ അതില്‍ നിന്ന് രാജിവച്ചത്. ഇനിയെങ്കിലും അമ്മയില്‍ മികച്ച നേതൃത്വം വരുമെന്ന് കരുതുന്നു പാര്‍വതി തിരുവോത്ത് വ്യക്തമാക്കി.