തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാറും ആര്‍എസ്എസ് നേതാവ് റാം മാധവും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ദുരൂഹതയേറുന്നു. എഡിജിപിയുമായി ചര്‍ച്ചക്ക് പോയതില്‍ ബിസിനസുകാരുമുണ്ടെന്നാണ് സൂചന. ചെന്നൈയില്‍ ബിസിനസ് നടത്തുന്ന മലയാളിയാണ് ഒപ്പമുണ്ടായിരുന്നതെന്നാണ് സൂചന. കണ്ണൂര്‍ സ്വദേശി കൂടിയായ ഈ ബിസിനസുകാരനൊപ്പം എഡിജിപി എന്തിന് ആര്‍എസ്എസ് നേതാവിനെ കണ്ടുവെന്നതിലാണ് ദുരുഹത നിലനില്‍ക്കുന്നത്.
കോവളത്തെ സ്വകാര്യ ഹോട്ടലില്‍ കഴിഞ്ഞ വര്‍ഷമാണ് എഡിജിപി എംആര്‍ അജിത്ത് കുമാര്‍- ആര്‍എസ്എസ് നേതാവ് റാം മാധവ് കൂടിക്കാഴ്ച നടന്നത്. തലസ്ഥാനത്ത് നടന്ന ആര്‍എസ്എസിന്റെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കൂടിക്കാഴ്ച നടന്നതെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ച വന്‍ വിവാദമായതിന് പിന്നാലെയാണ് റാം മാധവുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളും പുറത്തുവന്നത്.
സുഹൃത്തിന്റെ ക്ഷണപ്രകാരം നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയാണെന്നാണ് ദത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിക്ക് അജിത് കുമാര്‍ നല്‍കിയ വിശദീകരണം. ക്രമസമാധാന ചുമതല നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ആര്‍.എസ്.എസ്. നേതാവിനെ കണ്ടത് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖേന അറിഞ്ഞിട്ടും മുഖ്യമന്ത്രി ഇതുവരെയും അനങ്ങിയിട്ടില്ല.