മലപ്പുറം: ജില്ലയിൽ കഴിഞ്ഞദിവസം സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞ 24കാരന് ബാധിച്ചത് നിപ ആണെന്ന് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. മസ്തിഷ്ക ജ്വര ലക്ഷണം പ്രകടിപ്പിച്ചതിനെ തുടർന്ന് മെഡിക്കൽ ഓഫീസർ ഡെത്ത് ഇൻവെസ്റ്റിഗേഷൻ നടത്തിയപ്പോൾ നിപ സംശയമുണ്ടായി.തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ നിപ പോസിറ്റീവായിരുന്നു. പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഇപ്പോൾ ലഭിച്ച ഫലവും പോസിറ്റീവ് ആയിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയിൽ അടിയന്തര ഉന്നതതല യോഗം ആരോഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. പ്രോട്ടോകോളനുസരിച്ച് 16 കമ്മിറ്റികളും രൂപീകരിച്ചു. ഇതുവരെ 24കാരൻ 151 പേരുമായാണ് പ്രാഥമിക സമ്പർക്കത്തിൽ വന്നത്. നാല് സ്വകാര്യ ആശുപത്രികളിലും വൈദ്യശാലകളിലും ചികിത്സ തേടി. സുഹൃത്തുക്കൾക്കൊപ്പവും ചിലയിടങ്ങളിൽ പോയി.
ഇവരെയെല്ലാം ഐസൊലേറ്റ് ചെയ്തു. ഐസൊലേഷനിലെ അഞ്ച് പേർക്ക് ചെറിയ പനിലക്ഷണങ്ങൾ ഉണ്ട്. തുടർന്ന് ഇവരുടെ സാമ്പിളും പരിശോധനക്ക് അയച്ചു. തിരുവാലി പഞ്ചായത്തിൽ മാസ്ക് നിർബന്ധമാക്കി. പനി ബാധിച്ച രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബംഗളൂരുവിലെ വിദ്യാർത്ഥിയായ യുവാവ് മരിച്ചത്.ജൂലായ് മാസത്തിലും ജില്ലയിൽ നിപ ഭീഷണിയുണ്ടായിരുന്നു. പാണ്ടിക്കാട് സ്വദേശിയായ 14 കാരനാണ് അന്ന് രോഗം വന്ന് മരിച്ചത്.