ബിജെപി നുണകള്‍ പ്രചരിപ്പിക്കുന്നു; സിഖ്പരാമര്‍ശത്തില്‍ മൗനം വെടിഞ്ഞ് രാഹുല്‍ ഗാന്ധി

ഡല്‍ഹി:സിഖ് വികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ മൗനം വെടിഞ്ഞ് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിജെപി കള്ളം പറയുകയാണെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. തന്റെ പരാമര്‍ശത്തില്‍ എന്തെങ്കിലും തെറ്റുണ്ടോ എന്നും ഗാന്ധി ചോദിച്ചു. സംഭവത്തില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ കേസെടുത്തിരുന്നു. ബിജെപി നേതാക്കളുടെ പരാതിയില്‍ ഛത്തീസ്?ഗഢിലെ വിവിധ പോലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി എത്തിയത്. ‘പതിവ് പോലെ, ബി.ജെ.പി നുണകള്‍ പ്രചരിപ്പിക്കുകയാണ്. അവര്‍ക്ക് സത്യം സഹിക്കാനാകാത്തതിനാല്‍ എന്നെ നിശബ്ദരാക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഇന്ത്യയെ നിര്‍വചിക്കുന്ന മൂല്യങ്ങള്‍ക്കായി ഞാന്‍ എപ്പോഴും ശബ്ദമുയര്‍ത്തും. നാനാത്വത്തിലും സമത്വത്തിലും സ്‌നേഹത്തിലും നമ്മുടെ ഏകത്വം’ ഗാന്ധി ട്വീറ്റ് ചെയ്തു.
‘ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ സിഖ് സഹോദരങ്ങളോടും സഹോദരിമാരോടും എനിക്ക് ചോദിക്കണം. ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടോ? ഓരോ സിഖുകാര്‍ക്കും – ഓരോ ഇന്ത്യക്കാരനും – അവരുടെ മതം ഭയമില്ലാതെ സ്വതന്ത്രമായി ആചരിക്കാന്‍ കഴിയുന്ന ഒരു രാജ്യമാകേണ്ടതല്ലേ ഇന്ത്യ?’ എന്നും രാഹുല്‍ ഗാന്ധി എക്‌സിലൂടെ ചോദിച്ചു.