ഐഎഎസ് ഉദ്യോഗസ്ഥനെ കുടുക്കാൻ മറ്റ് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്ന ഗുരുതര അവസ്ഥ വ്യക്തമാക്കി രേഖകൾ പുറത്ത്. എൻ. പ്രശാന്തിനെതിരെ കെ. ഗോപാലകൃഷ്ണൻ വ്യാജ പരാതി തയ്യാറാക്കി എ. ജയതിലകിന് നൽകിയെന്ന വിവരമാണ് പുറത്തുവരുന്നത്.
എസ്‌സി , എസ്ടി വകുപ്പിന് കീഴിലുള്ള ഉന്നതിയുമായി ബന്ധപ്പെട്ട ഫയലുകൾ കിട്ടിയിട്ടും, അത് മറച്ചുവെച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് വ്യാജ പരാതി നൽകിയിരിക്കുകയാണ് ഗോപാലകൃഷ്ണൻ ഐഎഎസ്. മെയ് മാസത്തിൽ തന്നെ ഗോപാലകൃഷ്ണൻ എല്ലാ ഫയലുകളും കൈപ്പറ്റിയതായി സർക്കാർ രേഖയുണ്ട്. എന്നാൽ, ജൂൺ, ജൂലൈ, മാസങ്ങളിലായി ഉന്നതിയുടെ ഫയലുകൾ കിട്ടിയില്ല എന്ന് രണ്ട് കത്തുകൾ നൽകി. അവയെ അടിസ്ഥാനപ്പെടുത്തിയാണ് ജയതിലക് പ്രശാന്തിനെതിരെ റിപ്പോർട്ട് ഉണ്ടാക്കുന്നത്. എന്നാൽ ഈ-ഓഫീസ് രേഖകൾ പരിശോധിക്കുമ്പോൾ മനസ്സിലാവുന്നത് ഈ രണ്ട് കത്തുകളും പഴയ ഡേറ്റിൽ വ്യാജമായി സൃഷ്ടിച്ചതാണെന്നാണ്. വ്യാജ ഡേറ്റിലെ കത്തുകൾ സൃഷ്ടിച്ചത് ഓഗസ്റ്റ് മാസത്തിൽ. അതും ജയതിലകിന്റെ ഓഫീസിൽ വച്ച് തന്നെ.
എസ്‌സി എസ്ടി വകുപ്പ് കീഴിലുള്ള ഉന്നതിയുമായി ബന്ധപ്പെട്ട ഫയലുകൾ മുൻ ചുമതലക്കാരൻ തനിക്ക് നൽകിയില്ല എന്നായിരുന്നു കെ ഗോപാലകൃഷ്ണൻ ഐഎഎസിൻറെ പരാതി. ഇക്കാര്യം പിറ്റേദിവസം തന്നെ മാതൃഭൂമി ദിനപത്രത്തിൽ മാത്രം വലിയ വാർത്തയായി വരികയും ചെയ്തു. പരാതിയിലെ ഡേറ്റ് 2024 ജൂലൈ മാസം മൂന്ന്. എന്നാൽ ഇതിന് രണ്ടുമാസം മുമ്പ് മെയ് 14ന്, കെ ഗോപാലകൃഷ്ണൻ ഐഎഎസിന് സർക്കാർ നൽകിയ രേഖ കാണുക. ഉന്നതിയുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും കൈമാറിയിട്ടുണ്ടെന്ന്.. ഇനിയാണ് ഗോപാലകൃഷ്ണൻ നടത്തിയ കള്ളക്കളിയുടെ മറ്റു വിവരങ്ങൾ പുറത്തുവരുന്നത്. ‘എല്ലാ ഫയലുകളും കൈമാറി എന്ന് അഞ്ചാം മാസം ചുമതലമുണ്ടായിരുന്ന ആൾ അറിയിച്ചിട്ട്, രണ്ടുമാസം കഴിഞ്ഞ് തനിക്ക് ചില ഫയലുകൾ കിട്ടിയിട്ടില്ലെന്ന് ഗോപാലകൃഷ്ണൻ പരാതി നൽകുന്നു. ഈ രണ്ട് കത്തുകൾക്കും ചില പ്രത്യേകതകളുണ്ട്.
എസ്.സി ഡയറക്ടറേറ്റിൽ നിന്നയച്ചു എന്ന് അവകാശപ്പെടുന്ന ഈ കത്തുകൾക്ക് ലെറ്റർ നമ്പറില്ല. ഫയൽ നമ്പറും ഇല്ല. ജൂൺ ആറിന് നൽകി എന്ന് അവകാശപ്പെടുന്ന കത്തിന്റെ മുകളിലായി സെക്രട്ടേറിയറ്റിലെ ഈ-ഓഫീൽ കാണാം. ജുലൈ 3 നും സമാനമായ പരാതി ഗോപാലകൃഷ്ണൻ നൽകി. ഈ കത്തിന്റെയും മുകളിലായി corespondence number കാണാം.
സെക്രട്ടേറിയറ്റിലെ ഈ-ഓഫീസ് രേഖകൾ പരിശോധിച്ചാൽ മുതിർന്ന രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർ ചെയ്ത പ്രവൃത്തി നമ്മളെ ഞെട്ടിക്കും. നമുക്ക് ഈ-ഓഫീസിലെ കറസ്‌പോണ്ടൻസ് ലിസ്റ്റ് പരിശോധിക്കാം.
ഈ രണ്ടു പരാതികൾ ഈ-ഓഫീസിൽ പ്രത്യക്ഷപ്പെടുന്നത്, മാസങ്ങൾക്ക് ശേഷം, ഒരേ ദിവസം, ഒരെ സമയത്ത്. ഓഗസ്റ്റ് മാസം ഒന്നിന്, 3:16 ന്. ഇവിടെ ആദ്യം കൊടുത്തിരിക്കുന്ന രണ്ട് നമ്പറുകൾ നോക്കിയാൽ ഈ രണ്ട് കത്തുകളാണെന്ന് മനസ്സിലാവും. രണ്ട് കത്തുകളും ഈ-ഒഫീസിൽ അപ്ലോഡ് ചെയ്തിരിക്കുന്നത് ജയതിലകിന്റെ ഓഫീസ് നേരിട്ടാണെന്നും ഈ-ഓഫീസ് രേഖകൾ കാണിക്കുന്നു. ജയതിലകിന്റെ നിർദ്ദേശപ്രകാരമാണ് ഗോപാലകൃഷ്ണൻ ഈ കത്തുകൾ പഴയ ഡേറ്റിൽ നൽകിയതെന്നാണ് വിവരം.
ഇനി എട്ടാം മാസത്തിന്റെ പ്രത്യേകത എന്തെന്നല്ലേ? എട്ടാം മാസം ജയതിലക് ധനകാര്യ വകുപ്പിലേക്ക് ട്രാൻസ്ഫർ ആയി. എട്ടാം മാസം ഗോപാലകൃഷ്ണൻ വ്യവസായ വകുപ്പിലേക്കും മാറി എന്നതും ഗൂഢാലോചന വെളിപ്പെടുത്തുന്നു. വകുപ്പ് വിട്ട് പോകുന്നതിന് മുമ്പ് ഫയലുകളിൽ കൃത്രിമം കാണിച്ചിട്ടാണെങ്കിലും പക വീട്ടണമല്ലോ. രണ്ട് മുതിർന്ന IAS ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി മറ്റൊരു ഉദ്യോഗസ്ഥനെ കുടുക്കാൻ വ്യാജ രേഖകൾ സൃഷ്ടിച്ചു എന്ന് പകൽ പോലെ വ്യക്തം.