തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ കാലത്തെ വൈദ്യുതി കരാർ റദ്ദാക്കി പിണറായി സർക്കാർ പുതിയ കരാറിൽ ഏർപ്പെട്ടത് കൊടിയ അഴിമതിയാണെന്നും ഇതേക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. യുഡിഎഫ് സർക്കാരിന്റെ കരാർ പ്രകാരം യൂണിറ്റിന് 4 രൂപ 15 പൈസ മുതൽ 4 രൂപ 29 പൈസ വരെ മാത്രമായിരുന്നു നിരക്ക്.എന്നാൽ അത് റദ്ദാക്കി പുതിയ കരാറിൽ പിണറായി സർക്കാർ ഒപ്പുവെച്ചപ്പോൾ യൂണിറ്റിന് 10 രൂപ മുതൽ 14 രൂപവരെ നൽകിയാണ് വൈദ്യുതി വാങ്ങുന്നത്. യുഡിഎഫ് കരാർ പ്രകാരം കമ്പനികൾ 2040 വരെ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകണമായിരുന്നു. ഇതേ കമ്പനികളിൽ നിന്ന് ഉയർന്ന നിരക്കിൽ വൈദ്യതി വാങ്ങുമ്പോൾ 2000 കോടിയോളം രൂപയാണ് കമ്പനികൾക്ക് ലാഭമുണ്ടാകുന്നത്. ഇതു കേരളം കണ്ട വലിയ അഴിമതിയാണെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് ദീർഘകാലത്തേക്ക് കുറഞ്ഞ നിരക്കിൽ ലഭിച്ചുകൊണ്ടിരുന്ന കരാർ റദ്ദാക്കിയതാണ് ഇപ്പോഴത്തെ അടിക്കടിയുള്ള വിലവർധനവിന് കാരണം. പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം അഞ്ചു തവണയാണ് വൈദ്യുതി നിരക്ക് വർധിപ്പിച്ചത്. ഇപ്പോൾ 16 പൈസയാണ് കൂട്ടിയത്. ഈ വർഷം 16 പൈസ കൂട്ടിയതിനൊപ്പം മാർച്ച് മാസം കഴിഞ്ഞാൽ ഉടൻ തന്നെ 12 പൈസ കൂടി കൂട്ടും. 250 യൂണിറ്റ് ഉപയോഗിക്കുന്ന സാധാരണക്കാരന് 50 രൂപയോളം കൂടുതൽ നൽകേണ്ടി വരും. മാർച്ച് മാസം കഴിഞ്ഞാൽ ഇത് നൂറു രൂപയിൽ കൂടുതലാകും.ഇരട്ടിയിലേറെ തുകയ്ക്ക് വൈദ്യുതി വാങ്ങുന്നത് ഉപയോക്താക്കളെയും കെ.എസ്.ഇ.ബിയെയും പ്രതിസന്ധിയിലാക്കി. എൽഡിഎഫ് സർക്കാർ അഴിമതി നടത്തി പണമുണ്ടാക്കുമ്പോൾ ബാദ്ധ്യത ജനങ്ങളുടെ ചുമലിലാണ്. ഇതേക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തിയാൽ ഞെട്ടിപ്പിക്കുന്ന വസ്തുതകൾ പുറത്തുവരുമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.