കൊല്ലം : കരുനാഗപ്പള്ളിയിലെ വിഭാഗീയതക്കെതിരെ വടിയെടുത്ത് സിപിഎം കൊല്ലം ജില്ലാ സമ്മേളനം. പി.ആർ വസന്തനടക്കം കരുനാഗപ്പള്ളിയിൽ നിന്നുള്ള 4 ജില്ലാ കമ്മിറ്റി അംഗങ്ങളെ പുതിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ വെച്ചു പൊറുപ്പിക്കില്ലെന്നതിന്റെ തെളിവാണ് നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. എസ്.സുദേവനെ രണ്ടാമതും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
പാർട്ടിയെ ഒന്നാകെ നാണംകെടുത്തിയ കരുനാഗപ്പള്ളിയിലെ തമ്മിലടിയിൽ രൂക്ഷ വിമർശനമാണ് സിപിഎം ജില്ലാ സമ്മേളനത്തിൽ ഉയർന്നത്. പ്രശ്നം പരിഹരിക്കുന്നതിൽ ജില്ലാ നേതൃത്വം പരാജയപ്പെട്ടെന്ന് കുറ്റപ്പെടുത്തലുണ്ടായി. കരുനാഗപ്പള്ളിയിൽ നിന്ന് ഒരാളെ പോലും പുതിയ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താതെയാണ് വിഭാഗീയതയ്ക്ക് ജില്ലാ സമ്മേളനം മറുപടി കൊടുത്തത്. ജില്ലാ കമ്മിറ്റി അംഗം പി.ആർ വസന്തനും സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടിയും തമ്മിലുള്ള ചേരിപ്പോരാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നായിരുന്നു വിമർശനം. കരുനാഗപ്പള്ളിയിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളായ പിആർ വസന്തൻ, പി.കെ ബാലചന്ദ്രൻ, സി.രാധാമണി, ബി. ഗോപൻ എന്നീ നാല് നേതാക്കളെയും പുതിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി.
വി.എസ് പക്ഷക്കാരനായിരുന്ന പി.ആർ വസന്തൻ ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയാണ്. പാർട്ടിയിലെ തെറ്റായ പ്രവണതകൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നാണ് കരുനാഗപ്പളളിയിലെ ഇടപെടൽ വ്യക്തമാക്കുന്നതെന്ന് സംസ്ഥാന സെക്രട്ടി എം.വി ഗോവിന്ദൻ
മറുപടി പ്രസംഗത്തിൽ പ്രതിനിധികളോട് പറഞ്ഞു.
കൊട്ടിയം ധവളക്കുഴിയിൽ മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനം എസ്.സുദേവനെ വീണ്ടും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കരുനാഗപ്പള്ളി വിഷയത്തിൽ അടക്കം നേതൃത്വത്തിന് എതിരെ വിമർശനം ഉയർന്നെങ്കിലും സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്ന ജില്ലയിൽ സെക്രട്ടറിയെ മാറ്റേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് പോകുമെന്ന് എസ്.സുദേവൻ വ്യക്തമാക്കി.