തിരുവനന്തപുരം: പൊതുവിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍ പിഎച്ച്എച്ച് വിഭാഗത്തിലേക്ക് തരംമാറ്റുന്നതിനുള്ള അപേക്ഷ ഡിസംബര്‍ 25ന് മുമ്പ് സമര്‍പ്പിക്കണം. വെള്ള, നീല കാര്‍ഡുകള്‍ പിങ്ക് കാര്‍ഡിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ ഡിസംബര്‍ 25 വൈകുന്നേരം അഞ്ച് മണിവരെയാണ് സ്വീകരിക്കുക. കാര്‍ഡ് തരം മാറ്റുന്നതിന് ആവശ്യമായ രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ പൊതുവിതരണ വകുപ്പിന്റെ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ (ecitizen.civilsupplieskerala.gov.in) വഴിയോ സമര്‍പ്പിക്കാവുന്നതാണ്.
കാര്‍ഡിലെ ഏതെങ്കിലും അംഗം സര്‍ക്കാര്‍ അല്ലെങ്കില്‍ പൊതുമേഖലാ ജീവനക്കാരന്, ആദായ നികുതിദായകന്, സര്‍വീസ് പെന്ഷണര്, 1000ത്തില്‍ കൂടുതല്‍ ചതുരശ്രയടിയുള്ള വീടിന്റെ ഉടമ, നാലോ അധികമോ ചക്രവാഹന ഉടമ, പ്രൊഫഷണല്‍സ് (ഡോക്ടര്‍, എഞ്ചിനീയര്‍, അഭിഭാഷകന്), കാര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂടി ഒരേക്കര്‍ സ്ഥലമുള്ളവര്‍ (എസ്.ടി. വിഭാഗം ഒഴികെ), 25000 രൂപയില്‍ കൂടുതല്‍ പ്രതിമാസ വരുമാനമുള്ളവര്‍ എന്നീ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അപേക്ഷിക്കാന്‍ സാധിക്കില്ല.
തരം മാറ്റാന്‍ ഹാജരാക്കേണ്ട രേഖകള്‍ ഇനി പറയുന്നവയാണ്: തദേശസ്ഥാപന സെക്രട്ടറി ഒപ്പിട്ട വീടിന്റെ വിസ്തീര്‍ണം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്. വാടക വീടാണെങ്കില്‍ അതിന്റെ കരാര്‍പത്രം (200 രൂപ മുദ്രപത്രത്തില്‍ രണ്ടു സാക്ഷികളുടെ ഒപ്പുസഹിതം) വാടകയ്ക്കെന്നു തെളിയിക്കുന്ന രേഖകള്‍. 2009-ലെ ബിപിഎല്‍ സര്‍വേ പട്ടികയിലെ അംഗമാണെങ്കിലും അല്ലെങ്കിലും ബിപിഎല്‍ കാര്‍ഡിന് അര്‍ഹനാണെന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം. മാരക രോഗങ്ങളുണ്ടെങ്കില്‍ അതിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് / അംഗപരിമിത സര്‍ട്ടിഫിക്കറ്റ്. സര്‍ക്കാര്‍ പദ്ധതി മുഖേന ലഭിച്ച വീടാണെങ്കില്‍ അതിന്റെ സര്‍ട്ടിഫിക്കറ്റ്. 21 വയസ് പൂര്‍ത്തീകരിച്ച പുരുഷന്മാരില്ലാത്ത നിരാലംബരായ വിധവകളാണെങ്കില്‍ നോണ്‍ റീമാരേജ് സര്‍ട്ടിഫിക്കറ്റ്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തവര്‍ ബന്ധപ്പെട്ട ഓഫിസറുടെ സാക്ഷ്യപത്രം (വീട് ഇല്ലാത്തവര്‍ പഞ്ചായത്ത് സെക്രട്ടറിയുടെയും സ്ഥലമില്ലാത്തവര്‍ വില്ലേജ് ഓഫിസറുടെയും). വില്ലേജില്‍നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്.