സ്വയം പ്രസവമെടുത്തു; നവജാതശിശു മരിച്ചു

ചാലക്കുടി: കരുവാപ്പടിയില്‍ സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു. ഒഡീഷക്കാരിയായ യുവതിയാണ് വീട്ടില്‍ പ്രസവിച്ചത്. കുഞ്ഞ് മരിച്ചത് പൊക്കിള്‍കൊടി മുറിച്ച് മാറ്റിയതിന് പിന്നാലെയാണ്. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു പ്രസവം. ഒഡീഷ സ്വദേശികളായ ഗുല്ലി-ശാന്തി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
മേലൂര്‍ ശാന്തിപുരത്ത് വാടകവീട്ടിലായികുന്നു ഇവരുടെ താമസം. പൂര്‍ണ ഗര്‍ഭിണിയായ ശാന്തി, ആശാ വര്‍ക്കര്‍ നിര്‍ദേശിച്ചിട്ടും ആദ്യം ആശുപത്രിയില്‍ പോയിരുന്നില്ല. തിങ്കളാഴ്ച ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പോയിരുന്നെങ്കിലും ഡോക്ടറെ കണ്ടിരുന്നില്ല. ബുധനാഴ്ചയാണ് വീട്ടില്‍വച്ച് പ്രസവിക്കുന്നത്. ശാന്തി കുട്ടിയുടെ പൊക്കിള്‍ക്കൊടി മുറിച്ചു. തുടര്‍ന്ന് അമിത രക്തസ്രാവത്തെ തുടര്‍ന്നു കുട്ടി മരിക്കുകയായിരുന്നു. യുവതിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ചാലക്കുടി പോലീസ് കേസെടുത്തു.