ന്യൂഡൽഹി: ലോക്സഭയിലെ ആദ്യ പ്രസംഗത്തിൽ തന്നെ ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. രാജ്യത്തെ 142 കോടി പൗരന്മാരെ അവഗണിച്ച് ഒരു വ്യക്തിക്ക് മാത്രം അനുകൂലമായ നിലപാടാണ് ബിജെപി സ്വീകരിക്കുന്നതെന്നും അവർ ആരോപിച്ചു. ഗൗതം അദാനിയുടെ പേര് പരാമർശിക്കാതെ തന്നെ ഭരണപക്ഷവും വ്യവസായിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് പ്രിയങ്കയുടെ വിമർശനം. ശതകോടീശ്വരന്റെ ലാഭത്തിനുവേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.
പാർലമെന്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് പ്രിയങ്ക പ്രസംഗം ആരംഭിച്ചത്. അദാനി, കർഷക, മണിപ്പൂർ സംഭൽ വിഷയങ്ങൾ ഉയർത്തി സർക്കാരിനെതിരെ ആഞ്ഞടിച്ചു. ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ എല്ലാ ശക്തിയും ഉപയോഗിച്ച് ചെറുക്കുമെന്നും പ്രിയങ്ക സഭയിൽ ആവർത്തിച്ചു.വിലക്കയറ്റവും തൊഴിലില്ലായ്മയും ജനങ്ങളെ വരിഞ്ഞുമുറുക്കുന്ന വേളയിലും സർക്കാർ പിന്തുണയ്ക്കുന്നത് അദാനിയെ ആണ്. കർഷകരെ ഉപേക്ഷിച്ചിരിക്കുന്നു. ഒരു വ്യക്തിക്ക് വേണ്ടി മോദി സർക്കാർ ഇന്ത്യയിലെ ജനങ്ങളെ മുഴുവൻ വഞ്ചിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു.
സമ്പദ് വ്യവസ്ഥയെ ദുർബലമാക്കിയിരിക്കുകയാണ്. വാഷിംഗ് മെഷീൻ സർക്കാരായി മോദി സർക്കാർ മാറിയെന്നും പ്രിയങ്ക പരിഹസിച്ചു. ഇതോടെ സ്പീക്കർ ഇടപെട്ടു. ഭരണഘടനയെ കുറിച്ചാണ് ചർച്ചയെന്ന് പ്രിയങ്കയെ സ്പീക്കർ ഓർമ്മിപ്പിച്ചു.ഭരണഘടനയെ വഞ്ചിക്കുന്നതിനെതിരെ രൂക്ഷമായ പ്രതിഷേധമുയർത്തുമെന്ന് പ്രിയങ്ക മറുപടി നൽകി. ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുപ്പ് നടത്താൻ ധൈര്യമുണ്ടോ എന്ന് പ്രിയങ്ക ഭരണപക്ഷത്തോട് ചോദിച്ചു. സത്യം പറയുന്നവരെ ജയിലിലിടുന്നു. പ്രതിപക്ഷ നേതാക്കൾ, മാദ്ധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ എല്ലാവരെയും ജയിലിലടുന്നു. രാജ്യദ്രോഹികളായി മുദ്രകുത്തുന്നു. പ്രതിപക്ഷത്തെ നിശബ്ദരാക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു. ഭയത്തിന്റെ അന്തരീക്ഷം ഉണ്ടാക്കാൻ ശ്രമിക്കുന്നു. അദാനി വിഷയത്തിൽ ചർച്ച നടത്താൻ സർക്കാരിന് ഭയമാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.