മലപ്പുറം: എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെ തൊടാൻ മുഖ്യമന്ത്രി പിണറായി വിജയന് സാധിക്കില്ലെന്ന് പി.വി.അൻവർ എം.എൽ.എ. നടപടിയെടുത്താൽ അജിത്കുമാർ മുഖ്യമന്ത്രിയെയും കൊണ്ടേപോകൂ. തന്റെ കൊക്കിൽ ജീവനുണ്ടെങ്കിൽ അജിത് കുമാറിനെ ഡി.ജി.പി കസേരയിൽ ഇരുത്തില്ലെന്ന് പിണറായിയേയും പി.ശശിയേയും വെല്ലുവിളിക്കുന്നു. ഈ നാട്ടിൽ നിയമവ്യവസ്ഥ ഉണ്ടോ എന്ന് കാണിച്ചുകൊടുക്കും.
അജിത് കുമാറിനെതിരായ കേസിലെ അന്വേഷണം സത്യസന്ധമായല്ല നടക്കുന്നത്. ആദ്യമേ മുഖ്യമന്ത്രി ക്ലീൻചിറ്റ് നൽകി. തൃശൂർ പൂരം കലക്കലിൽ സർക്കാർ, വാദിയെ പ്രതിയാക്കാൻ ശ്രമിക്കുകയാണ്. അജിത്കുമാർ വിഷയത്തിൽ താൻ പറഞ്ഞത് ശരിയാണെന്ന് പറഞ്ഞ നേതാവായിരുന്നു വയനാട് ജില്ലാ സെക്രട്ടറിയായിരുന്ന ഗഗാറിൻ. പിണറായിക്കെതിരെ ചെറുവിരൽ അനക്കിയാൽ അവർ പാർട്ടിയിൽ ഉണ്ടാവില്ല. അതാണ് വയനാട്ടിൽ കണ്ടത്. അപശബ്ദങ്ങളെ മുഴുവൻ പിണറായി ഒഴിവാക്കുന്നു. അവസാന രക്തസാക്ഷിയാണ് ഗഗാറിൻ.ബി.ജെ.പി-ആർ.എസ്.എസ് നേതാക്കൾ പറയാൻ മടിക്കുന്ന തരത്തിലുള്ള വർഗീയതപോലും സി.പി.എം നേതാക്കൾ പറയുന്നു. തന്റെ കാര്യത്തിൽ രാഷ്ട്രീയമായി ആരും പ്രതീക്ഷിക്കാത്ത ഒരുപ്രഖ്യാപനം ഉണ്ടാവുമെന്നും അൻവർ പറഞ്ഞു