കാഠ്‌മണ്ഡു: ടിബറ്റിലുണ്ടായ അതിതീവ്ര ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 95 ആയി. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ബീഹാർ, അസം, പശ്ചിമ ബംഗാൾ തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ടതായി ചൈനീസ് വാർത്താ ഏജൻസിയായ എഎഫ്‌പി അറിയിച്ചിരുന്നു.
ഭൂചലനത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. വൻ നാശനഷ്‌ടങ്ങളുണ്ടായി. 62 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ബീഹാറിന്റെ തലസ്ഥാനമായ പറ്റ്നയിലും പശ്ചിമ ബംഗാളിലും അസം ഉൾപ്പടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.നാഷണൽ സെന്റർ ഫോർ സീസ്‌മോളജിയുടെ (എൻസിഎസ്) റിപ്പോർട്ട് അനുസരിച്ച് ഇന്ന് രാവിലെ 6.35നാണ് ഭൂചലനം ഉണ്ടായത്. ആദ്യത്തേതിന് തൊട്ടുപിന്നാലെ രണ്ട് ഭൂചലനങ്ങൾ കൂടി ഈ മേഖലയിൽ ഉണ്ടായതായി എൻസിഎസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്.
റിക്‌ടർ സ്‌കെയിൽ 4.7 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം രാവിലെ 7.02നാണ് ഉണ്ടായത്. പത്ത് കിലോമീറ്റർ ആഴത്തിൽ 4.9 തീവ്രത രേഖപ്പെടുത്തിയ മൂന്നാമത്തെ ഭൂചലനം 7.07നാണുണ്ടായത്. 30 കിലോമീറ്ററോളം ഈ ഭൂചലനം വ്യാപിച്ചു.ഭൂമിശാസ്‌ത്രപരമായി ഭൂകമ്പ സാദ്ധ്യത കൂടുതലുള്ള പ്രദേശമാണ് നേപ്പാൾ. അവിടെ ഭൂകമ്പങ്ങൾ ഉണ്ടാകുന്നത് സ്ഥിരമാണ്. 2015ൽ നേപ്പാളിലുണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 9000ത്തോളം ആളുകൾ മരിക്കുകയും 22,000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.