എറണാകുളം ആലുവയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 40 പവനോളം സ്വർണ്ണവും എട്ട് ലക്ഷം രൂപയും കവർച്ച നടത്തിയത് വീട്ടമ്മയായ ലൈലയാണെന്ന് കണ്ടെത്തൽ. പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത് അൻവർ എന്ന ‘പടലക്കാട്ടിൽ ഉസ്താദ്’ ഗൃഹനാഥയെ പറ്റിച്ച് പണം തട്ടിയെടുത്ത തിരക്കഥ.
വീട്ടിൽ അപകടങ്ങളുണ്ടാകുമെന്നും ഭർത്താവിനും മക്കൾക്കും മരണം സംഭവിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ആഭിചാര ക്രിയകൾ ചെയ്യുന്ന അൻവർ ഇത്രയും അളവ് സ്വർണ്ണവും ലക്ഷക്കണക്കിന് രൂപയും തട്ടിയെടുത്തത്. കവർച്ചാ നാടകം നടത്തി പോലീസിനെയും വീട്ടുകാരെയും കബളിപ്പിക്കാനായിരുന്നു ഇവരുടെ ശ്രമം.
2025 ജനുവരി ആറിന് പകൽ 11 നും വൈകിട്ട് അഞ്ചിനും ഇടയ്ക്ക് കള്ളൻ വീടിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും കട്ടിലിനടിയിൽ ഒളിപ്പിച്ചിരുന്ന 8 ലക്ഷം രൂപയും കവർന്നു എന്നാണ് വീട്ടുകാർ പോലീസിനെ അറിയിച്ചത്. ഉടൻ തന്നെ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. ആലുവ ഡിവൈ എസ്പി. ടി.ആർ. രാജേഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
പരാതി ലഭിച്ച ഉടനെ പോലീസ് സംഘവും വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തി. ശാസ്ത്രീയ അന്വേഷണത്തിലാണ് വമ്പൻ കവർച്ച എന്നത് ഒരു നാടകമാണെന്ന് മനസ്സിലായത്.
ബിസിനസുകാരനായ ഇബ്രാഹാം കുട്ടി പുറത്തേക്കും ഭാര്യ ലൈല ദന്താശുപത്രിയിലേക്കും പോയപ്പോഴായിരുന്നു കവർച്ച എന്ന ലൈലയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. എന്നാൽ ലൈലയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങളിൽ പൊലീസിന് സംശയം തോന്നുകയായിരുന്നു.
തുടർന്ന് വീട്ടുകാരെ ചോദ്യം ചെയ്തതിൽനിന്ന് ആഭിചാരക്രിയ ചെയ്യുന്ന ഉസ്താദിന്റെ നിർദേശനുസരണമാണ് ഇപ്രകാരം ചെയ്തതെന്ന് ഗൃഹനാഥ പോലീസിനോട് സമ്മതിച്ചു. ഭർത്താവിനും മക്കൾക്കും അപകടമരണം സംഭവിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അതിനു പരിഹാരം ചെയ്യണമെന്നും പറഞ്ഞ് തവണകളായി പണവും സ്വർണവും കൈപ്പറ്റുകയായിരുന്നു. അൻവറിന്റെ നിർദേശ പ്രകാരമാണ് മുൻവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ചതും വീട്ടിൽ കവർച്ച നടന്ന രീതിയിൽ ചിത്രീകരിച്ചതും. സ്വർണവും പണവും കിട്ടിയതായി ഇയാൾ പോലീസിനോട് സമ്മതിച്ചു,
രണ്ടുവർഷം മുൻപ് ഒരു ബന്ധുവഴിയാണ് ഗൃഹനാഥ, അൻവറിനെ കാണാനെത്തിയത്. ഇവരുടെ വീട്ടിലെ വിവരങ്ങൾ അൻവർ ചോദിച്ചറിയുകയായിരുന്നു. പഴയകെട്ടിടങ്ങൾ പൊളിക്കുന്ന ജോലി ചെയ്യുന്നയാളാണ് വീട്ടമ്മയുടെ ഭർത്താവ്. ഇവരുടെ വീട്ടിൽ ധാരാളം പണമുണ്ടെന്നും അൻവർ മനസ്സിലാക്കി. തുടർന്ന് ലൈലയെ കൊണ്ട് സ്വന്തംവീട് കവർച്ച ചെയ്യിക്കുകയായിരുന്നു. എങ്ങനെ കവർച്ച നടത്തണം എന്ന് അൻവർ, ലൈലയെ പഠിപ്പിച്ചു.
പല തവണകളായാണ് മോഷണം നടത്തിയത്. അവസാനം, കതകുപൊളിച്ച് എങ്ങനെ അകത്ത് കടക്കണം എന്നതുൾപ്പെടെ പഠിപ്പിക്കുകയും ഗൃഹനാഥ അങ്ങനെ ചെയ്യുകയും ചെയ്തു. മോഷണവിവരത്തിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസിന് സംശയം തോന്നിയതോടെ അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. സാധാരണ കവർച്ചക്കാർ തകർക്കുന്ന വിധത്തിലായിരുന്നില്ല വാതിൽ പൊളിച്ചിരുന്നത്. മാത്രമല്ല, തകർത്ത വാതിലിനുള്ളിലൂടെ പ്രവേശിച്ചല്ല കവർച്ച നടത്തിയതെന്നും പോലീസിന് ബോധ്യമായിരുന്നു.
പല പ്രാവശ്യങ്ങളായാണ് വീട്ടമ്മ പണം നൽകിയത്. പിടിക്കപ്പെടുമെന്നായപ്പോഴാണ് അൻവറിന്റെ നിർദ്ദേശപ്രകാരം കവർച്ചാ നാടകം നടത്തിയത്. ഇയാളെ വീട്ടമ്മ അന്ധമായി വിശ്വസിച്ചിരുന്നു. പണവും സ്വർണവും വീട്ടിലിരിക്കുന്നത് അപകടമാണെന്നും മാന്ത്രികക്രിയകൾ പ്രതികൂലമാകുമെന്നും ഇയാൾ വിശ്വസിപ്പിച്ചു. ഇങ്ങനെയാണ് വീട്ടമ്മ സ്വർണവും പണവും അൻവറിന്റെ കളമശേരിയിലെ വീട്ടിൽ തവണകളായി എത്തിച്ചത്.
വീട്ടിൽ പണവും സ്വർണവും തീർന്നപ്പോഴാണ് കവർച്ചാനാടകം നടത്താൻ ഉപദേശിച്ചത്. വാതിൽ പുറമെനിന്ന് പൊളിക്കാനും, തുണി വലിച്ചു വാരി ഇടാനും ഇയാൾ നിർദേശിച്ചു. അതിൻ പ്രകാരമാണ് വീട്ടമ്മ ചെയ്തത്. അൻവറിനെക്കുറിച്ചും, ഇയാളുടെ മറ്റ് ഇടപാടുകളെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐമാരായ കെ.നന്ദകുമാർ, എസ്. ശ്രീലാൽ, എം.സി. ഹരീഷ്, അരുൺ ദേവ്, ചിത്തുജി, സിജോ ജോർജ്, എ.എസ്.ഐ വിനിൽകുമാർ, എസ്.സി.പി.ഒ. നവാബ്, സി.പി.ഒമാരായ പി.എ. നൗഫൽ, മുഹമ്മദ് അമീർ, മാഹിൻഷാ അബൂബക്കർ, കെ.എം മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.