നാല് കുട്ടികൾ വേണമെന്ന് തീരുമാനിക്കുന്ന ദമ്പതികൾക്ക് ഒരു ലക്ഷം സമ്മാനം

ഭോപ്പാൽ: നാല് കുട്ടികൾ വേണമെന്ന് തീരുമാനിക്കുന്ന ബ്രാഹ്മണ ദമ്പതികൾക്ക് ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് മദ്ധ്യപ്രദേശ് സർക്കാർ. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ പരശുറാം കല്യാൺ ബോർഡ് ആണ് പ്രഖ്യാപനം നടത്തിയത്. പണ്ഡിറ്റ് വിഷ്‌ണു രജോറിയ എന്നയാളാണ് ബോർഡ് ചെയർമാൻ. കാബിനറ്റ് റാങ്കുള്ളയാളാണ് വിഷ്‌ണു രജോറിയ.

ഇൻഡോറിൽ നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു വിഷ്‌ണു രജോറിയയുടെ പ്രസംഗം. മതനിന്ദ നടത്തുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. കുടുംബത്തെ കുറിച്ചുള്ള ശ്രദ്ധ കുറഞ്ഞതു തന്നെയാണ് അതിന് പ്രധാന കാരണം. എന്നാൽ പുതു തലമുറയിൽ എനിക്ക് വളരെ വലിയ വിശ്വാസമുണ്ട്. പഴയ തലമുറയിൽ നിന്ന് അധികമൊന്നും ഇനി പ്രതീക്ഷിക്കാൻ കഴിയില്ല. എന്നാൽ വരും തലമുറയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഇപ്പോഴത്തെ തലമുറയ‌്ക്കുണ്ട്.

ഒരു കുട്ടി ആയി കഴിഞ്ഞാൽ അതുമതി കുടുംബം എന്ന് തീരുമാനിക്കുന്നവരാണ് അധികവും. ഈ അവസ്ഥ പ്രശ്നത്തിലേക്ക് നയിക്കും. അതുകൊണ്ട് ഒരു കുടുംബത്തിൽ നാല് കുട്ടികൾ എങ്കിലും വേണമെന്നാണ് എനിക്ക് പറയാനുള്ളത്. അത്തരത്തിൽ തീരുമാനമെടുക്കുന്നവർക്ക് എന്റെ അദ്ധ്യക്ഷതയിലുള്ള ബോർഡ് ഒരു ലക്ഷം രൂപ വീതം സമ്മാനമായി നൽകും.തുടർന്ന് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് രജോറിയ ഉരുണ്ടുകളിച്ചു. പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും, സർക്കാർ പദ്ധതിയല്ലെന്നും ഇയാൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *