മലപ്പുറം: മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ ആദിവാസി യുവതി കൊല്ലപ്പെട്ടു. എടക്കരയിൽ 11 മണിയോടെയാണ് സംഭവം. എടക്കര മൂത്തേടം ഉച്ചക്കുളം ഊരിലെ നീലിയാണ് കാട്ടാനയുടെ ആക്രമത്തിൽ കൊല്ലപ്പെട്ടത്. 52 വയസ്സായിരുന്നു. പ്രദേശത്ത് തന്നെ ദിവസങ്ങൾക്ക് മുമ്പ് ആനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി നഷ്ടമായത്.
പോത്തിനെ മേയ്ക്കാന്‍ കാട്ടില്‍ പോയപ്പോള്‍ ആന പുറകില്‍നിന്ന് അടിച്ചുവീഴ്ത്തുകയായിരുന്നു. ബുധനാഴ്ച 11 മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സരോജിനിയെ ഉടന്‍ നിലമ്പൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. 10 ദിവസം മുമ്പാണ് ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ആദിവാസി യുവാവ് പൂച്ചപ്പാറ മണി (40) മരിച്ചത്.
മണി കൊല്ലപ്പെട്ടതിന് ശേഷം വലിയ പ്രതിഷേധമായിരുന്നു കഴിഞ്ഞയാഴ്ച നിലമ്പൂരിലുണ്ടായത്. പിവി അന്‍വറിൻ്റെ നേതൃത്വത്തിലുള്ള സംഘം ഡിഎഫ്ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും ഓഫീസ് ആക്രമിക്കുകയും ചെയ്തിരുന്നു. ഇത് അന്‍വറിൻ്റെ അറസ്റ്റിലേക്കടക്കം നയിക്കുകയും ചെയ്തിരുന്നു.
മലയോര മേഖലയിൽ വന്യജീവി അക്രമണം വലിയ ചർച്ചയായിരിക്കെയാണ് വീണ്ടും മരണം തുടർക്കഥയാകുന്നത്. വനവിഭവങ്ങൾ ശേഖരിക്കാൻ സ്ഥിരം പോകുന്ന വ്യക്തിയാണ് ഇന്ന് കൊല്ലപ്പെട്ട യുവതി. ഉൾക്കാട്ടിലേക്ക് അധികം പോകാതെ തന്നെ ആന ആക്രമിക്കുകയായിരുന്നു. കാട്ടിൽ നിന്നും ചുമന്ന് പുറത്തെത്തിച്ച് വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
അപകടത്തിന് പിന്നാലെ പ്രതികരണവുമായി മുൻ എംഎൽഎ പിവി അൻവർ രംഗത്തെത്തി. ‘നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ വീണ്ടും മനുഷ്യ ജീവൻ നഷ്ടപ്പെട്ടു. എടക്കര മൂത്തേടം ഉച്ചക്കുളം ഊരിലെ നീലിയാണ് കാട്ടാനക്കലിയിൽ കൊല്ലപ്പെട്ടത്.’ അൻവർ ഫേസ്ബുക്കിൽ കുറിച്ചു.