കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ പി.കെ. ശശി നാളെ മുതൽ സ്‌പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കും. KTDCയുടെ അന്താരാഷ്ട്ര ട്രേഡ് ഫെയറുകളിലും മീറ്റിംഗുകളിലും പങ്കെടുക്കാനാണ് അദ്ദേഹത്തിന്റെ വിദേശയാത്ര. സർക്കാർ ഇതിന് അനുമതി നൽകി ഉത്തരവ് പുറത്തിറക്കി.
ജനുവരി 22 മുതൽ 26 വരെ മാഡ്രിഡിൽ നടക്കുന്ന അന്തരാഷ്ട്ര ടൂറിസം മേളയിൽ പി.കെ. ശശി പങ്കെടുക്കും. ജനുവരി 28ന് ബാഴ്‌സലോണയിൽ നടക്കുന്ന റോഡ് ഷോയിലും പിന്നീട് ജനുവരി 30ന് ഇറ്റലിയിലെ മിലാനിൽ നടക്കുന്ന ടൂറിസം റോഡ് ഷോയിലും കെടിഡിസിയെ പ്രതിനിധീകരിച്ച് പി.കെ. ശശി പങ്കെടുക്കും. ഇതിനായി ജനുവരി 19ന് യാത്ര തിരിക്കുന്ന കെടിഡിസി ചെയർമാൻ ഫെബ്രുവരി രണ്ടിന് ശേഷമായിരിക്കും കേരളത്തിലേക്ക് തിരിച്ചെത്തുക.
യാത്രയ്ക്കും താമസത്തിനുമുള്ള ചെലവ് ഈ വർഷത്തെ ടൂറിസം ബജറ്റ് വിഹിതത്തിൽ നിന്ന് വഹിക്കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ കീഴിലുള്ള വിനോദ സഞ്ചാര പ്രോജക്റ്റുകൾ അന്താരാഷ്ട്ര വിപണിയിൽ ഫലപ്രദമായി എത്തിക്കുന്നതിനാണ് ചെയർമാന്റെ വിദേശയാത്രയെന്നാണ് സർക്കാർ അറിയിക്കുന്നത്.
ഒരുകാലത്ത് പാലക്കാട് ജില്ലയിലെ പ്രമുഖ സിപിഎം നേതാവായിരുന്നു പി.കെ. ശശി. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിലും പി.കെ. ശശി വിദേശയാത്രയിലായിരുന്നു. സർക്കാരിന്റെ പ്രത്യേക അനുമതിയോടെ ബ്രിട്ടൻ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. എന്നാൽ ഇപ്പോൾ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ നടപടി നേരിട്ട് ഒരു സാധാരണ അംഗമായി മാത്രമായി തുടരുകയാണ്. ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയായിരുന്നു. പാർട്ടി നടപടി നേരിട്ടെങ്കിലും കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റാൻ മുഖ്യമന്ത്രിയും ടൂറിസം മന്ത്രിയും തയ്യാറായിരുന്നില്ല.
മന്ത്രി പി രാജീവ് സ്വിറ്റ്‌സർലന്റിൽ
സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് വിദേശയാത്രയിലാണ്. ജനുവരി 15 വരെ യുഎഇയിലായിരുന്ന അദ്ദേഹവും ഉദ്യോഗസ്ഥ സംഘവും ഇന്ന് മുതൽ 25 വരെ സ്വിറ്റ്സർലന്റിലായിരിക്കും. ജനുവരി 20 മുതൽ 24 വരെ സ്വിറ്റ്സർലണ്ടിലെ ഡാവോസിൽ നടക്കുന്ന വേൾഡ് എക്കണോമിക് ഫോറത്തിന്റെ വാർഷിക മീറ്റിംഗിൽ പങ്കെടുക്കാനാണ് പി. രാജീവിന്റെ സ്വിസ്സ് യാത്ര.
പി. രാജീവിനോടൊപ്പം 8 അംഗ ഉദ്യോഗസ്ഥ സംഘവും ഉണ്ട്. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലക്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി ചെയർമാൻ സി. ബാലഗോപാൽ, എം.ഡി ഹരികിഷോർ ഐഎഎസ്, മാനേജർ പ്രശാന്ത് പ്രതാപ്, പി. രാജീവിന്റെ പ്രൈവറ്റ് സെക്രട്ടറി ഡോ. കെ.എ. മണിറാം എന്നിവരാണ് മന്ത്രിയുടെ സംഘത്തിൽ ഉള്ളത്.