കോണ്‍ഗ്രസില്‍ കെപിസിസി പ്രസിഡന്റിനെ നീക്കാന്‍ തുടങ്ങിയ ചര്‍ച്ചകള്‍ എത്തിനില്‍ക്കുന്നത് പ്രതിപക്ഷനേതാവിന്റെ പ്രവര്‍ത്തനത്തിലേക്ക്. കോണ്‍ഗ്രസിലെ മികച്ച ഇലക്ഷന്‍ മനേജര്‍ എന്ന രീതിയില്‍ വി.ഡി സതീഷന്‍ ശക്തനാണെങ്കിലും പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തുന്നതിലും മുതിര്‍ന്ന നേതാക്കളോടുള്ള അകള്‍ച്ചയും സതീഷന് പാര്‍ട്ടിയില്‍ തിരിച്ചടിയാവുകയാണ്.
പാര്‍ട്ടിയില്‍ ഐക്യവും സംഘടനാപരമായ കെട്ടുറപ്പും ലക്ഷ്യമിട്ട് ഒന്നര വര്‍ഷത്തിനു ശേഷം ചേര്‍ന്ന കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തിലാണ് നേതാക്കള്‍ പ്രതിപക്ഷനേതാവിനെ വാരി ചെവരിലൊട്ടിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായി അടുപ്പമുളള നേതാക്കളാണ് വിഡി സതീശനെതിരെ ആദ്യം വിമര്‍ശനം ഉന്നയിച്ചത്. തുടങ്ങിയത് ശൂരനാട് രാജശേഖരനായിരുന്നു. അത് ഏറ്റുപിടിച്ചത് എപി അനില്‍ കുമാറാണ്. ഇരുവരും കേരളത്തിലെ കെസി ഗ്രൂപ്പിന്റെ സജീവ വക്താക്കളാണ്. ആദ്യം മാറ്റേണ്ടത് പ്രതിപക്ഷ നേതാവിന്റെ ശൈലിയാണെന്ന അഭിപ്രായമാണ് നേതാക്കള്‍ പങ്കുവച്ചത്. ഇതോടെ കെസി വേണുഗോപാലിന്റെ കൂടി അറിവോടെയാണ് ഈ വിമര്‍ശനം എന്ന ചര്‍ച്ചയും തുടങ്ങിയിട്ടുണ്ട്.
സുധാകരനെ മാറ്റാന്‍ മുന്‍കയ്യെടുത്തിരുന്ന പ്രതിപക്ഷ നേതാവിനെതിരായി ഉണ്ടായ കടുത്ത വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിത നീക്കം ഉണ്ടെന്നാണ് സതീശന്‍ ക്യാമ്പ് സംശയിക്കുന്നത്. ആദ്യമായല്ല സതീശനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ വിമര്‍ശനം വരുന്നത്. സതീശന്‍ പങ്കെടുക്കാതിരുന്ന ഒരു കെപിസിസി ഭാരവാഹികളുടെ യോഗത്തില്‍ സതീശനെതിരെ വിമര്‍ശനം ഉണ്ടാവുകയും ഇത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തുകയും ചെയ്തിരുന്നു. ഇതില്‍ സതീശന്‍ എതിര്‍പ്പ് ഉന്നയിച്ചതോടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ അച്ചടക്ക സമിതിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിന് മുന്നോടിയായി തന്നെയാണ് ആരാകും അടുത്ത മുഖ്യമന്ത്രി എന്ന നിലയില്‍ ചര്‍ച്ച കോണ്‍ഗ്രസില്‍ തന്നെ തുടങ്ങിയതും.ചര്‍ച്ചകളില്‍ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും ഭാഗമാണെങ്കിലും പഴി മുഴുവന്‍ സതീശന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഗ്രൂപ്പുകള്‍ക്ക് അതീതമായ കുറ്റപ്പെടുത്തലാണ് സതീശനെതിരെ ഉയര്‍ന്നത്. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി നേതാക്കളെ വെവ്വേറെ കാണുകയാണ്. കെപിസിസി പ്രസിഡന്റിനെ മാറ്റുന്നത് സംബന്ധിച്ചാണ് ഈ കൂടിക്കാഴ്ച. ഇതില്‍ സതീശനെതിരായ വിമര്‍ശനവും ഉന്നയിക്കപ്പെടും എന്ന് ഉറപ്പാണ്. ഇതോടെ നിശ്ചലമായ സതീശന്‍ വിരുദ്ധ ക്യാമ്പാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ വീണ്ടും തലപൊക്കുന്നത്.