കണ്ണൂർ: പി.പി ദിവ്യക്കെതിരെ കൂടുതൽ ആരോപണവുമായി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. ജില്ലാ നിർമ്മിതി കേന്ദ്രയ്ക്ക് ജില്ലാ പഞ്ചായത്ത് കരാറുകൾ നൽകിയതിൽ ദുരൂഹതയുണ്ടെന്ന് മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. ദിവ്യയുടെ ഭർത്താവ് സർക്കാർ ഉദ്യോസ്ഥനാണെങ്കിലും ഭൂമി രേഖയിൽ കൃഷിയാണ് വരുമാന മാർഗം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ദിവ്യയ്ക്ക് എതിരെ വിജിലൻസിൽ പരാതി നൽകുമെന്നും മുഹമ്മദ് ഷമ്മാസ് വ്യക്തമാക്കി.
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഒട്ടുമിക്ക എല്ലാ നിർമ്മാണ പ്രവർത്തനങ്ങളുടെ കരാറുകളും ലഭിച്ചിരിക്കുന്നത് കണ്ണൂർ ജില്ലാ നിർമ്മിതി കേന്ദ്രയ്ക്കാണെന്ന് മുഹമ്മദ് ഷമ്മാസ് പറഞ്ഞു. ദിവ്യ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 10.47 കോടിയുടെ കരാർ ഈ ജില്ലാ നിർമ്മിതി കേന്ദ്രയ്ക്ക് ലഭിച്ചു. ഈ കരാറുകളെല്ലാം നൽകിയിരിക്കുന്നത് നേരിട്ടാണ് എന്നതാണ് ശ്രദ്ധേയം. ജില്ലാ നിർമ്മിതി കേന്ദ്ര നേരിട്ടല്ല പ്രവർത്തികൾ നടത്തുന്നത്. നിർമ്മിത് കേന്ദ്രയ്ക്ക് നൽകിയ പദ്ധതി ഏറ്റെടുത്ത് നടത്തിയത് ദിവ്യയുടെ ബെനാമി കമ്പനിയായ കാർട്ടൻ ഇന്ത്യ അലയൻസ് ലിമിറ്റഡാണെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.
അരുൺ കെ വിജയൻ കളക്ടറായ ശേഷം മാത്രം 5.25 കോടിയുടെ കരാർ നൽകിയതിൽ സംശയമുണ്ടെന്ന് മുഹമ്മദ് ഷമ്മാസ് പറഞ്ഞു. കളക്ടറും സംശയ നിഴലിലാണെന്നും അന്വേഷണം വേണമെന്നും ഷമ്മാസ് ആവശ്യപ്പെട്ടു. ഈ കമ്പനിയുടെ ഡയറക്ടറായ മുഹമ്മദ് ആസിഫിന്റെ ഭൂമിയോട് ചേർന്ന് അതേ സർവേ നമ്പറിൽ തൊട്ടടുത്ത് അതിരുള്ള സ്ഥലം പി.പി ദിവ്യയുടെ ഭർത്താവിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തത്. കാർട്ടൻ ഇന്ത്യ കമ്പനി ഡയറക്ടറുടെയും ദിവ്യയുടെ ഭർത്താവിന്റെയും സ്ഥലം ഇടപാട് രേഖകൾ തയ്യാറാക്കിയത് ഒരു ഓഫീസിൽ, ഒരേ അഭിഭാഷകനാണെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.