‘വി ഡി സതീശന്റെ ജാഥയിൽ ലീ​ഗ് നേതാവിന് പ്രസം​ഗിക്കാൻ അവസരം നൽകിയില്ല’; അപമാനിച്ചെന്ന് പരാതി

വയനാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മലയോര ജാഥയിൽ മുസ്‌ലിം ലീ​ഗ് നേതാവിനെ അപമാനിച്ചെന്ന് പരാതി. മലയോര ജാഥ മീനങ്ങാടിയിൽ പ്രവേശിച്ചപ്പോൾ ലീ​ഗ് നേതാവ് പി ഇസ്മായിലിനെ പ്രസം​ഗിക്കാൻ ക്ഷണിച്ചില്ലെന്നാണ് പരാതി. ‌മീനങ്ങാടിയിൽ പ്രാസംഗികനായി ലീഗ് നിശ്ചയിച്ചത് പി ഇസ്മായിലിനെയായിരുന്നു. ജാഥയിൽ മറ്റ് ഘടകകക്ഷി നേതാക്കൾ പ്രസംഗിച്ചുവെങ്കിലും ഇസ്മായിലിനെ പ്രസം​ഗിക്കാൻ ക്ഷണിച്ചില്ല. സംഭവത്തിൽ ലീഗ് മണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി.

മാനന്തവാടിയിലും ലീഗ് പ്രതിനിധി പങ്കെടുത്തിരുന്നില്ല. ജാഥയിൽ മുതിർന്ന നേതാക്കൾ പങ്കെടുക്കാത്തതിൽ പ്രതിപക്ഷ നേതാവിന് അതൃപ്തിയുണ്ട്. അതേസമയം മലയോര ജാഥയിൽ സഹകരിപ്പിക്കണമെന്ന് പി വി അൻവർ വി ഡി സതീശനോട് ആവശ്യപ്പെട്ടു. മാനന്തവാടിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് പി വി അൻവർ ഈ ആവശ്യം ഉന്നയിച്ചത്. ജാഥ മലപ്പുറത്തേക്ക് കടക്കുന്നതിന് മുമ്പാണ് അൻവറിന്റെ നീക്കം. ഇക്കാര്യം യുഡിഎഫിൽ ചർച്ച ചെയ്ത് അറിയിക്കാമെന്നാണ് വി ഡി സതീശൻ മറുപടി പറഞ്ഞത്.

വന്യമൃഗങ്ങളുടെ അക്രമത്തില്‍ നിന്ന് മലയോര കര്‍ഷകരേയും ജനങ്ങളേയും രക്ഷിക്കുക, കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് പരിഹാരമുണ്ടാക്കുക, ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വി ഡി സതീശന്റെ സമരയാത്ര. കണ്ണൂർ കരുവഞ്ചാലിൽ നിന്നാണ് ജാഥ തുടങ്ങിയത്. ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരത്തെ അമ്പൂരിയില്‍ യാത്ര സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *