ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയിൽ ജനുവരി 27ന് ബഹുനില കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ നിന്ന് നാലംഗ കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി. ബുരാരി മേഖലയിൽ തകർന്നുവീണ നാല് നില കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് നാലംഗ കുടുംബത്തെ ജീവനോടെ പുറത്തെടുത്തിരുന്നു. 30 മണിക്കൂറുകളോളം കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ ശേഷമായിരുന്നു കുടുംബത്തെ പുറത്തെത്തിച്ചത്.
വെറും മൂന്ന് തക്കാളി ഉപയോഗിച്ചാണ് കുടുംബം അപകടത്തെ അതിജീവിച്ചത് എന്നതാണ് ഏറ്റവും അത്ഭുതകരമായ കാര്യം. രാജേഷ് (30), ഭാര്യ ഗംഗോത്രി (26), മക്കളായ പ്രിൻസ് (6), റിതിക് (3) എന്നിവരുൾപ്പെടെയുള്ള കുടുംബത്തെ ജനുവരി 29ന് രാത്രി വൈകി നടത്തിയ ഓപ്പറേഷനിൽ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. അത്താഴം ഒരുക്കുന്നതിന് തൊട്ടുമുമ്പ് വൈകുന്നേരം 6.30 ഓടെയാണ് കെട്ടിടം തകർന്നു വീണതെന്നും മുകളിലുള്ള അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും രക്ഷപ്പെട്ട രാജേഷ് പറഞ്ഞു. എല്ലാം ദൈവത്തിന് വിട്ട ശേഷം 30 മണിക്കൂറിലധികം മൂന്ന് തക്കാളി മാത്രം കഴിച്ചാണ് വിശപ്പടക്കിയതെന്നും രാജേഷ് കൂട്ടിച്ചേർത്തു. രക്ഷാപ്രവർത്തനത്തിന് ശേഷം പുറത്തേയ്ക്ക് എത്തിക്കുമ്പോൾ നാല് പേരും അബോധാവസ്ഥയിലായിരുന്നു.
ഓസ്‌കാർ പബ്ലിക് സ്‌കൂളിന് സമീപമുള്ള നാല് നിലകളുള്ള കെട്ടിടം തകർന്ന് രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളടക്കം അഞ്ച് പേരാണ് മരിച്ചത്. 16 പേരെ രക്ഷപ്പെടുത്തിയതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (നോർത്ത്) രാജ ബന്തിയ പറഞ്ഞു. കുടുങ്ങിക്കിടന്ന വ്യക്തികളെ കണ്ടെത്തുന്നതിനും രക്ഷിക്കുന്നതിനുമായി അധികൃതർ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയുള്ള തെരച്ചിലാണ് നടത്തിയത്. കെട്ടിട ഉടമ യോഗേന്ദ്ര ഭാട്ടിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള ഭാരതീയ ന്യായ് സൻഹിതയുടെ (ബിഎൻഎസ്) വിവിധ വകുപ്പുകൾ പ്രകാരം ദില്ലി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.