വടകര: മെക് വിഷയത്തില്‍ സി.പി.എം. ജില്ലാസെക്രട്ടറി നടത്തിയ പരാമര്‍ശവും വടകരയിലെ കാഫിര്‍ വിവാദവും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് മോശം പ്രതിച്ഛായയുണ്ടാക്കിയെന്ന് സി.പി.എം. ജില്ലാസമ്മേളനത്തില്‍ വിമര്‍ശനം. 16 ഏരിയാകമ്മിറ്റികളെ പ്രതിനിധാനംചെയ്ത് 41 പേര് ചര്‍ച്ചയില്‍ പങ്കെടുത്തു.
സംഘടനാപരമായ വീഴ്ചകളും ഭരണത്തിലെ പോരായ്മകളുമെല്ലാം ചര്‍ച്ചയില്‍ വിമര്‍ശിക്കപ്പെട്ടു. ഒപ്പംതന്നെ സി.പി.എമ്മിനെതിരേ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം രൂപപ്പെട്ടുവരുന്ന സംഘടിതമായ നീക്കത്തെ പ്രതിരോധിക്കാന്‍ പദ്ധതികള്‍ വേണമെന്നും പ്രതിനിധികള്‍ നിര്‍ദേശിച്ചു. ഇതിനെ ഗൗരവത്തോടെ കണ്ടില്ലെങ്കില്‍ വരുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ വലിയ പ്രതിസന്ധി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ടായി. ലോക്സഭാതിരഞ്ഞെടുപ്പില്‍ വടകര, കോഴിക്കോട് മണ്ഡലങ്ങളിലെ തോല്‍വിയെക്കുറിച്ച് പരാമര്‍ശിക്കവേയാണ് വടകരയിലെ വിവാദമായ കാഫിര്‍ സ്ക്രീന്‍ഷോട്ട് വിഷയം ചര്‍ച്ചയായത്. യു.ഡി.എഫിനെതിരേയുള്ള വിവാദം പിന്നീട് എല്‍.ഡി.എഫിനെതിരേ, പ്രത്യേകിച്ച് സി.പി.എമ്മിനെതിരേ, ആയുധമാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടുവെന്നായിരുന്നു വിമര്‍ശനം.
ഇത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അവമതിപ്പിനിടയാക്കിയെന്നും അഭിപ്രായമുയര്‍ന്നു. ഇതിനുപിന്നാലെ മെക് വിഷയത്തില്‍ സി.പി.എം. ജില്ലാസെക്രട്ടറി നടത്തിയ അഭിപ്രായവും പാര്‍ട്ടിക്കെതിരായി ചിലര്‍ ഉപയോഗിച്ചു. സെക്രട്ടറി ഇതില്‍ വ്യക്തത വരുത്തിയെങ്കിലും അനാവശ്യമായി സൃഷ്ടിക്കപ്പെട്ട വിവാദമായിരുന്നു ഇതെന്നായിരുന്നു വിമര്‍ശനം. ജോര്‍ജ് എം. തോമസ് വിഷയവും ചിലര്‍ ഉന്നയിച്ചു.
കോഴിക്കോട്ടെ പി.എസ്.സി. കോഴവിവാദവും ചര്‍ച്ചയായി. കോഴവിവാദത്തില്‍ പാര്‍ട്ടി പുറത്താക്കിയ ഏരിയാകമ്മിറ്റി അംഗം നടത്തിയ വെളിപ്പെടുത്തലുകളാണ് ഉന്നയിക്കപ്പെട്ടത്. കെ.കെ. രമയുടെ മകന്റെ വിവാഹത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പങ്കെടുത്തതിലും വിമര്‍ശനമുണ്ടായി. പാര്‍ട്ടിക്കുനേരേ തുറന്നയുദ്ധം നടത്തുന്ന രമയുടെ ക്ഷണപ്രകാരം സ്പീക്കര്‍ എത്തിയത് ഒഞ്ചിയത്തെയും വടകരയിലെയും സഖാക്കളെ സംബന്ധിച്ചിടത്തോളം പ്രയാസകരമായ ഒന്നാണെന്നായിരുന്നു വിമര്‍ശനം.
കേന്ദ്രം, കേരളത്തോട് കാണിക്കുന്ന അവഗണനയാണ് കേരളത്തിന്റെ പ്രധാനപ്രശ്നമെന്നും ഇത് കേരളത്തിലെ മാധ്യമങ്ങള്‍ വേണ്ടപോലെ ഉയര്‍ത്തിക്കൊണ്ടുവരുന്നില്ലെന്നും അഭിപ്രായമുയര്‍ന്നു. ചര്‍ച്ചകള്‍ക്ക് ആദ്യം സി.പി.എം. ജില്ലാസെക്രട്ടറി പി. മോഹനനും പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും മറുപടിപറഞ്ഞു. ആദ്യദിവസം സമ്മേളനത്തില്‍ ഇല്ലാതിരുന്ന പാര്‍ട്ടി സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന് വ്യാഴാഴ്ച പ്രതിനിധിസമ്മേളനത്തിനെത്തി.
ജില്ലാകമ്മിറ്റി തിരഞ്ഞെടുപ്പ് ഇന്ന്
ജില്ലാകമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച രാവിലെ 11-ന് നടക്കും. തുടര്‍ന്ന്, ജില്ലാകമ്മിറ്റി യോഗം ചേര്‍ന്ന് 12 അംഗ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കും. ജില്ലാകമ്മിറ്റിയിലേക്കും സെക്രട്ടറിസ്ഥാനത്തേക്കും മത്സരമുണ്ടാകില്ലെന്നാണ് സൂചന. എല്ലാവിഭാഗത്തിനും സ്വീകാര്യമായ പാനലാണ് തയ്യാറാക്കിയിരിക്കുന്നതെന്നാണ് വിവരം. സെക്രട്ടറിയായി എം. മെഹബൂബ് തന്നെ വരുമെന്നാണ് സൂചന. കെ.കെ. ദിനേശന്റെ പേരും സജീവപരിഗണനയിലുണ്ട്. വനിതാപ്രാതിനിധ്യത്തെക്കുറിച്ചുള്ള ചര്‍ച്ച പാര്‍ട്ടിയില്‍ സജീവമായ സാഹചര്യത്തില്‍ കോഴിക്കോടിന് ഒരു വനിതാസെക്രട്ടറി വന്നേക്കാമെന്ന സാഹചര്യവും അവസാനനിമിഷം സംജാതമായിട്ടുണ്ട്. അങ്ങനെയെങ്കില്‍ കെ.കെ. ലതികയ്ക്കായിരിക്കും സാധ്യത.