കോഴിക്കോട്: എം മെഹബൂബിനെ കോഴിക്കോട് സിപിഎം ജില്ലാസെക്രട്ടറിയായി തെരഞ്ഞെടുത്തു. 47 അംഗ ജില്ലാ കമ്മിറ്റിയിൽ 13 പേരെ പുതുതായി ഉൾപ്പെടുത്തി. ലിന്റോ ജോസഫ്, ഓ എം ഭരദ്വാജ്, എൽജി ലിജീഷ്, പി സി ഷൈജു, പി ഷൈജു, എം കുഞ്ഞമ്മദ്, കെ ബൈജു, കെ. രതീഷ്, പികെ വിനോദ്, എംകെ രാമചന്ദ്രൻ എന്നിവരാണ് പുതിയ അംഗങ്ങൾ. ക്ഷണിതാവായിരുന്ന കെപി അനിൽകുമാറിനെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 6 വനിതകൾ ജില്ലാ കമ്മിറ്റിയിലെത്തി.
മെഹബൂബിൻ്റെ പേര് നിർദ്ദേശിച്ചത് കെകെ ലതികയാണെന്ന് നിലവിലെ ജില്ലാ സെക്രട്ടറി പി മോഹനൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പഴയ കമ്മിറ്റിയിൽ നിന്ന് 11 പേർ ഒഴിവായെന്ന് പി മോഹനൻ പറഞ്ഞു. വർഗീയ വൽക്കരണം തടയുകയാണ് മുഖ്യലക്ഷ്യമെന്ന് പുതുതായി സ്ഥാനമേറ്റ എം മെഹബൂബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി അടക്കമുള്ള വർഗീയ ശക്തികൾക്കെതിരായ പ്രചാരണം തുടരും. പാർട്ടിയെ കൂടുതൽ കരുത്തുറ്റതാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും എം മെഹബൂബ് പറഞ്ഞു