കൊച്ചി: ക്രൂരമായ ബലാത്സംഗത്തിന് ഇരയായ പോക്‌സോ കേസ് പെൺകുട്ടി മരിച്ചു. ഒരാഴ്ചയായി അതീവ ഗുരുതരാവസ്ഥയിൽ 20കാരി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആറ് ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്. പെൺകുട്ടിയുടെ തലച്ചോറിന് ക്ഷതമേറ്റിരുന്നു. പ്രതിയും മുൻ സുഹൃത്തുമായ അനൂപിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച പകൽ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ അർദ്ധനഗ്നയായ നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. അമ്മയുടെ പരാതിയിൽ ബലാത്സംഗത്തിനും കൊലപാതകശ്രമത്തിനും ചോറ്റാനിക്കര പൊലീസ് കേസെടുത്തിരുന്നു. രഹസ്യഭാഗങ്ങളിൽ രക്തംവാർന്ന നിലയിലായിരുന്നു. കഴുത്തിൽ കയർ മുറുക്കിയ പാടും ഉണ്ടായിരുന്നു.അമ്മയും മകളും മാത്രമാണ് വീട്ടിലുള്ളത്. ഞായറാഴ്ച അമ്മ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് സംഭവം. സാമ്പത്തികമായി നല്ല നിലയിലുള്ള കുടുംബാംഗമായ പെൺകുട്ടിയുടെ പിതാവ് ജീവിച്ചിരിപ്പില്ല. അടുത്ത ബന്ധു വീട്ടിലെത്തി വിളിച്ചിട്ടും മറുപടി കിട്ടാതെ ജനലിലൂടെ നോക്കിയപ്പോഴാണ് ബോധരഹിതയായ നിലയിൽ കട്ടിലിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
പിൻവാതിൽ തുറന്ന നിലയിലായിരുിന്നു.യുവതിയെ ആദ്യം തൃപ്പൂണിത്തുറയിലെ സർക്കാർ ആശുപത്രിയിലെത്തിച്ചു. പിന്നീട് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നില ഗുരുതരമായതിനാൽ എറണാകുളത്തെ പ്രമുഖ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു. മൂന്നു വർഷം മുമ്പ് പെൺകുട്ടി ഡിഗ്രി വിദ്യാർത്ഥി ആയിരിക്കവേയാണ് പതിവായി സഞ്ചരിച്ചിരുന്ന സ്വകാര്യ ബസിലെ രണ്ടു ജീവനക്കാർ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. നാലു മാസം മുമ്പ് പരാതി നൽകിയതിനെ തുടർന്ന് ബസ് ജീവനക്കാർ അറസ്റ്റിലായി. അടുത്തിടെയാണ് ഇവർ ജാമ്യത്തിലിറങ്ങിയത്. ഇവരുടെ നീക്കങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.