കൊച്ചി: വഖഫ് അധിനിവേശം മൂലം കിടപ്പാടം നഷ്ടപ്പെടുന്ന ഭീതിയിൽ കഴിയുന്ന 600 ൽ അധികം കുടുംബങ്ങളിൽ ഒരാളെ പോലും ഇവിടെ നിന്നും കുടിയിറക്കാൻ ബിജെപി അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മുനമ്പത്ത് വഖഫ് അധിനിവേശത്തിനെതിരെ 113 ദിവസമായി റിലേ നിരാഹാര സത്യാഗ്രഹം നടത്തുന്ന ഭൂസംരക്ഷണ സമിതി പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പം സമരത്തിന്റെ ആദ്യം മുതൽ സമരത്തോട് ചേർന്നു നിൽക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ബിജെപി മാത്രമാണ്. അവസാനം വരെ പാർട്ടി ഉണ്ടാകുകയും ചെയ്യും. മുനമ്പത്ത് വന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ട് 24 മണിക്കൂറിനുള്ളിൽ അഭിപ്രായം മാറ്റുന്നവരാണ് മറ്റ് രാഷ്ട്രീയ നേതാക്കൾ. അവരുടെ വികലമായ മതേതര കാഴ്ചപ്പാടിന്റെ ഫലമാണത്. മുനമ്പത്തെ ഭൂമി വഖഫിന്റേതല്ല എന്ന മുൻ നിലപാടിൽ ഉറച്ചു നിൽക്കുവാൻ പ്രതിപക്ഷ നേതാവ് വിഡി സതീശൻ തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു.
വഖഫ് നിയമ ഭേദഗതി പാർലമെന്റ് പാസാക്കുന്നതോടെ മുനമ്പം ഉൾപ്പടെയുള്ള വഖഫ് അധിനിവേശത്തിന് ശാശ്വത പരിഹാരം ഉണ്ടാകും. കേരള നിയമസഭ ഐക്യകണ്ഠേന പസാക്കിയ വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രമേയം പിൻവലിക്കാനും കേരളത്തിലെ 28 എംപിമാരും പാർലമെന്റിൽ വഖഫ് നിയമ ഭേദഗതിക്ക് അനുകൂലമായി കൈയ്യുയർത്താനും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമരപ്പന്തലിലെത്തിയ കെ.സുരേന്ദ്രനെ മുനമ്പം ഭൂസംരക്ഷണ സമിതി ചെയർമാൻ സെബാസ്റ്റ്യൻ, കൺവീനർമാരായ ബെന്നി സി.ജി, റോയ്, പള്ളി വികാരിമാരായ ഫ. ആന്റണി തറയിൽ, ഫ. ആന്റണി സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ എസ് രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ്, സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെഎസ് ഷൈജു, ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. നോബിൾ മാത്യു, ഇൻഡസ്ടിയൽ സെൽ സംസ്ഥാന കൺവീനർ അനൂപ് അയ്യപ്പൻ, സംസ്ഥാന കൗൺസിൽ അംഗം എ.എം. രവി, മണ്ഡലം പ്രസിഡണ്ടുമാരായ വിനിൽ എം.വി, ദിലീപ് ടി.എ, മായാ ഹരിദാസ്, പഞ്ചായത്ത് അംഗം വിദ്യ, നേതാക്കളായ വി.കെ. ഭസിത്കുമാർ, എസ്. സജി, ശ്രീക്കുട്ടൻ തുണ്ടത്തിൽ, കെ.കെ. വേലായുധൻ, ഇ.എസ്. പുരുഷോത്തമൻ.ഷബിൻ ലാൽ, വി.വി.അനിൽ, വിജിത്, ഷിബു എന്നിവർ അനുഗമിച്ചു.