വാഷിംഗ്‌ടൺ: ഹ്യൂസ്റ്റണിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള യുണെറ്റഡ് എയർലെെൻസ് വിമാനത്തിൽ ഞായറാഴ്ച തീപിടിത്തമുണ്ടായി. ജോർജ്ജ് ബുഷ് ഇന്റർകോണ്ടിനെന്റിലെ എയർപോർട്ടിൽ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനായി മുന്നോട്ട് നീങ്ങിയപ്പോൾ ചിറകുകളിൽ നിന്ന് തീ പടരുകയായിരുന്നു.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഹ്യൂസ്റ്റൺ അധികൃതർ അറിയിച്ചു. വിമാനത്തിൽ തീ കണ്ടതിന് പിന്നാലെ യാത്രക്കാരെ പുറത്തിറക്കി തീ അണച്ചു. വിമാനത്തിൽ 104 യാത്രക്കാരും അഞ്ച് ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസവും യു എസിൽ വിമാനാപകടം റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെ പുലർച്ചെ ഫിലാഡെൽഫിയയിൽ ചെറുവിമാനം ജനവാസ മേഖലയിൽ തകർന്നുവീണ് ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ഒരു കുട്ടി അടക്കം വിമാനത്തിലുണ്ടായിരുന്ന ആറ് പേരും, വിമാനാവശിഷ്ടം പതിച്ച് കാർ യാത്രികനുമാണ് മരിച്ചത്. പ്രദേശവാസികളായ 19 പേർക്ക് പരിക്കേറ്റു. മോശം കാലാവസ്ഥയും കാഴ്ചക്കുറവുമാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.പ്രാദേശിക സമയം വെള്ളിയാഴ്ച വൈകിട്ട് 6.30ന് (ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 4.40) ജനത്തിരക്കേറിയ റൂസ്‌വെൽറ്റ് ഷോപ്പിംഗ് മാളിന് സമീപമായിരുന്നു അപകടം.
ഗുരുതര രോഗം ബാധിച്ച കുട്ടിയുമായി പുറപ്പെട്ട മെഡിക്കൽ വിമാനം ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകൾക്കുള്ളിലാണ് അപകടത്തിൽപ്പെട്ടത്. കുട്ടിയുടെ അമ്മയും ഡോക്ടറും സഹായിയും രണ്ട് പൈലറ്റുമാരുമാണ് വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവർ. എല്ലാവരും മെക്‌സിക്കൻ പൗരന്മാരാണ്. മെക്സിക്കോ ആസ്ഥാനമായുള്ള ജെറ്റ് റെസ്‌ക്യൂ എയർ ആംബുലൻസ് കമ്പനിയുടെ വിമാനമാണിത്.
ഫിലാഡെൽഫിയയിലെ ആശുപത്രിയിൽ ചികിത്സ പൂർത്തിയാക്കിയ കുട്ടിയുമായി നോർത്ത് ഈസ്റ്റ് ഫിലാഡെൽഫിയ എയർപോർട്ടിൽ നിന്ന് മിസോറി വഴി മെക്സിക്കോയിലെ ടീഹ്വാനയിലേക്ക് പുറപ്പെട്ടതാണ് വിമാനം. 67 പേരുടെ മരണത്തിനിടയാക്കിയ വാഷിംഗ്‌ടൺ വിമാന ദുരന്തത്തിന് പിന്നാലെയാണ് വീണ്ടും യുഎസിൽ വിമാനാപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് രാജ്യത്തെ ജനങ്ങളെ വലിയ ആശങ്കയിലാക്കുകയാണ്.