തിരുവനന്തപുരം: കെഎസ്‌ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. ഇന്നു രാത്രി 12വരെയാണ് പണിമുടക്ക്. വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ (ടിഡിഎഫ്) നേതൃത്വത്തിലാണ് പണിമുടക്കുന്നത്.
ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, 31ശതമാനം ഡിഎ കുടിശിക അനുവദിക്കുക, റൂട്ടുകൾ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫിന്റെ പണിമുടക്ക്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോഴും ശമ്പളം നൽകുന്നത് മാസം പകുതിയോടെയാണ്.
ഇതും സമരത്തിന്റെ മറ്റൊരു കാരണമാണ്. എസ്‌ടിയു, എഫ്എഫ്ജെ എന്നീ സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതായി ടിഡിഎഫ് നേതാക്കൾ അറിയിച്ചു.അതേസമയം, പണിമുടക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സർവീസുകൾ നടത്താനാണ് മാനേജ്മെന്റിന്റെ തീരുമാനം. പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. സിവിൽ സർജന്റെ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അല്ലാതെ അവധി അനുവദിക്കരുതെന്നാണ് മാനേജ്‌മെന്റിന്റെ നിർദേശം.
ക്യാന്റീനുകൾ പ്രവർത്തിക്കണം. വീഴ്‌ച വരുത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്നും മുന്നറിയിപ്പുണ്ട്.ഡയസ്‌നോൺ പ്രഖ്യാപിച്ച് പണിമുടക്ക് അട്ടിമറിക്കാനുള്ള നീക്കം വിലപ്പോവില്ലെന്ന് ടിഡിഎഫ് സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി, വർക്കിംഗ് പ്രസിഡന്റ് എം വിൻസെന്റ് എംഎൽഎ, ജനറൽ സെക്രട്ടറി വി എസ് ശിവകുമാർ എന്നിവർ പറഞ്ഞു. പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.