കൊച്ചി: പാതിവിലക്ക് സ്കൂട്ടറും ലാപ്ടോപ്പും അടക്കമുള്ള സാധനങ്ങൾ നൽകാമെന്ന് പറഞ്ഞ് അനന്ദു കൃഷ്ണൻ കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ. സായി ഗ്രാം ചെയർമാൻ അനന്തകുമാറാണ് സിഎസ്ആർ പദ്ധതി തനിക്ക് പരിചയപ്പെടുത്തിയത്. കടന്നപ്പള്ളിയും ശിവൻകുട്ടിയും പങ്കെടുത്ത പരിപാടികളുടെ ചിത്രം തന്നെ കാണിച്ചു. തിരുവനന്തപുരം പ്രസ് ക്ലബുമായി ഉള്ള സഹകരണത്തെ കുറിച്ചും തന്നോടു പറഞ്ഞുവെന്ന് രാധാകൃഷ്ണൻ പറഞ്ഞു.
ജനസേവനത്തിൻ്റെ ഭാഗമായിട്ടണ് പദ്ധതിയുടെ ഭാഗമായത്. ഒരു രൂപ പോലും പദ്ധതിയുടെ പേരിൽ കൈപ്പറ്റിയിട്ടില്ല. ഞങ്ങളും (SIGN ) ഒരു ഇരയാണ്. മൂവാറ്റുപുഴയിൽ അനന്ദുവിനെതിരെ കേസെടുത്ത ശേഷവും കോഴിക്കോട് ഐജി ഓഫിസിൽ ആസ്ഥാനത്ത് നാഷണൽ എൻജിഒ കോൺഫെഡറേഷൻ പരിപാടി നടത്തി. ഒക്ടോബർ 30 ന് ആയിരുന്നു പരിപാടി. ഐജി സേതുരാമനായിരുന്നു ഉദ്ഘാടകൻ. ആ പരിപാടിയിലും അനന്തു പങ്കെടുത്തിരുന്നു.
അനന്ദുവിനെ കാണാൻ പല തവണ ഫ്ളാറ്റിൽ പോയിട്ടുണ്ട്. അതെല്ലാം ഈ പദ്ധതി സംസാരിക്കാനായിരുന്നു. ഇതുവരെ 5620 വണ്ടികൾ SIGN നൽകി. ഇനി 5 ശതമാനം പേർക്കേ വണ്ടി നൽകാനുള്ളൂ. പണം തിരികെ നൽകുന്നത് ഇന്നലെ തുടങ്ങിയതല്ല. കുറേ ദിവസങ്ങളായി റീഫണ്ടിംഗ് നടക്കുന്നുണ്ട്. ഞാൻ കൈ കഴുകി ഓടില്ല. വണ്ടി വേണ്ടവർക്ക് വണ്ടിയോ പണം വേണ്ടവർക്ക് പണമോ നൽകും. പ്രധാനമന്ത്രിക്ക് അടുത്ത് അനന്ദു കൃഷ്ണൻ പോയത് തനിക്കറിയില്ല. സായിഗ്രാം പ്രതിനിധി എന്ന പേരിലാവാം പോയതെന്നും എഎൻ രാധാകൃഷ്ൻ പറഞ്ഞു.