ന്യൂഡൽഹി : അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ വിലങ്ങണിയിച്ച് നാടുകടത്തിയ വിവാദം കത്തിനിൽക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലേക്ക്, ഫെബ്രുവരി 12, 13 തീയതികളിൽ നരേന്ദ്രമോദി അമേരിക്ക സന്ദർശിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് അറിയിച്ചത്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി മോദി ഉഭയകക്ഷി ചർച്ച നടത്തുമെന്നും ചർച്ചയ്ക്ക് ശേഷം ഇരുവരുടെയും സംയുക്ത പ്രസ്താവന ഉണ്ടാകുമെന്നും വിക്രം മിസ്രി അറിയിച്ചു.
ഡൊണാൾഡ് ട്രംപ് രണ്ടാംതവണ യു.എസ് പ്രസിഡന്റായ ശേഷം മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനമാണിത്. ഫെബ്രുവരി 10 മുതൽ 12 വരെ ഫ്രാൻസ് സന്ദർശിച്ച ശേഷമാണ് മോദി അമേരിക്കയിലേക്ക് തിരിക്കുക. ഫ്രാൻസിലെത്തുന്ന മോദി പാരീസിൽ നടക്കുന്ന എ.ഐ ഉച്ചകോടിയിൽ പങ്കെടുക്കും.മോദിയുടെ സന്ദർശനം ഇന്ത്യ – അമേരിക്ക ആഗോള തന്ത്ര പ്രധാന ബന്ധത്തിന്റെ സൂചനയാണെന്ന് മിസ്രി പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ മാർഗനിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് അമേരിക്ക നാടുകടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ചട്ടപ്രകാരമാണ് സൈനിക വിമാനം ഇറങ്ങാൻ അനുമതി നൽകിയത്. തിരിച്ചയക്കുന്നവരോട് മോശം പെരുമാറ്റം പാടില്ലെന്ന് അമേരിക്കയെ അറിയിക്കുമെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ ഇറക്കുമതി തീരുവ സംബന്ധിച്ച് ട്രംപിന്റെ ഭീഷണി നിലനിൽക്കെയാണ് മോദിയുടെ സന്ദർശനമെന്നതും ശ്രദ്ധേയമാണ്.