തിരുവനന്തപുരം: ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് യാത്രാക്കപ്പല്‍ ആരംഭിക്കുന്നതിന് താത്പര്യപത്രം ക്ഷണിച്ചതായി ബഡ്ജറ്റില്‍ പറയുന്നു. യാത്രാക്കപ്പലുകളും ക്രൂയിസ് കപ്പലുകളും ഉല്ലാസ നൗകകളും വാണിജ്യാടിസ്ഥാനത്തില്‍ ആകര്‍ഷിക്കുന്നതിന് 10കോടി രൂപയുടെ വി.ജി.എഫ് നല്‍കും. തുറമുഖങ്ങളിലെ ഭൂമിയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ വികസന പദ്ധതികള്‍ നടപ്പാക്കും.
കാസര്‍കോട്, പൊന്നാനി, പുതിയാപ്പ, കൊയിലാണ്ടി മത്സ്യബന്ധന തുറമുഖങ്ങളുടെ നവീകരണം മാര്‍ച്ചില്‍ പൂര്‍ത്തിയാകും. മുതലപ്പൊഴി ഹാര്‍ബര്‍ ആദ്യഘട്ടം 2026 ഡിസംബറില്‍ പൂര്‍ത്തിയാവും. മത്സ്യബന്ധന തുറമുഖങ്ങള്‍ക്ക് പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജനയില്‍ സംസ്ഥാന വിഹിതമായി 40 കോടി വകയിരുത്തി. ഹാര്‍ബറുകളുടെ നവീകരണം, തീരദേശ പാലങ്ങള്‍ എന്നിവയ്ക്ക് 20കോടിയുണ്ട്.തുറമുഖങ്ങള്‍ക്കും ലൈറ്റ്ഹൗസുകള്ക്കും കപ്പല്‍ ഗതാഗതത്തിനുമുള്ള വിഹിതം 93.72കോടിയായി ഉയര്‍ത്തി. അഴീക്കല്‍, ബേപ്പൂര്‍, കൊല്ലം, വിഴിഞ്ഞം, പൊന്നാനി, ആലപ്പുഴ, കൊടുങ്ങല്ലൂര്‍, തലശേരി, വലിയതുറ, വടകര, കണ്ണൂര്‍, കാസര്‍കോട് തുറമുഖങ്ങളുടെ വികസനത്തിന് 65കോടിയുണ്ട്.
കൊല്ലം തുറമുഖത്ത് സാഗര്‍മാല പദ്ധതിയിലുള്‍പ്പെടുത്തി 101 മീറ്റര്‍ പാസഞ്ചര്‍ ബര്‍ത്തുണ്ടാക്കി. ബോട്ടുകളുടെ അറ്റകുറ്റപ്പണിക്ക് ഷിപ്പ് റിപ്പയറിംഗ് യൂണിറ്റും തുറമുഖത്ത് ഫ്ലോട്ടിംഗ് ഡ്രൈ ഡോക്കും ആരംഭിക്കും.
പശ്ചാത്തല വികസനത്തിന് വാരിക്കോരി
ബേപ്പൂര്‍ തുറമുഖത്ത് ഡ്രജ്ജിംഗിന് 60കോടി , വാര്‍ഫിന് 90കോടി, കൊല്ലം തുറമുഖത്ത് 190കോടിക്ക് ഫ്ലോട്ടിംഗ് ഡ്രൈഡോക്ക്, 90കോടിക്ക് വാര്‍ഫ്, 110.33കോടിക്ക് ഡ്രജ്ജിംഗ്, വലിയതുറ- തലശേരി കടല്‍പ്പാലങ്ങളുടെ നവീകരണം, 20.23കോടിക്ക് പൊന്നാനിയില്‍ വാര്‍ഫ് എന്നിവ മുന്‍ഗണനാ ക്രമത്തില്‍ നടപ്പാക്കും. തുറമുഖങ്ങളുടെ പശ്ചാത്തല വികസനത്തിന് 50കോടിയുമുണ്ട്. തുറമുഖ വികസനത്തിന് സാഗര്‍മാല പദ്ധതിക്കുള്ള സംസ്ഥാന വിഹിതമായി 65കോടിയുമുണ്ട്.