തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവ റിപ്പോർട്ടിങിനിടെ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകർക്കൊപ്പം ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ നൃത്തം ചെയ്തതിനെതിരെ പരാതി. ഡബിൾ ഡക്കർ ബസിന് മുകളിലായിരുന്നു ചീഫ് സെക്രട്ടറിയുടെയും മാധ്യമപ്രവർത്തകരുടെയും നൃത്തം. ഇതിനെതിരെ ഗതാഗത മന്ത്രിക്കും ഗതാഗത സെക്രട്ടറിക്കുമാണ് ന്യൂസ് പേപ്പർ അസോസിയേഷൻ ജനറൽ സെക്രട്ടറി മാർട്ടിൻ മെനച്ചേരി പരാതി നൽകിയിരിക്കുന്നത്.
ചീഫ് സെക്രട്ടറിയുടെ നൃത്തം ഏഷ്യാനെറ്റിൽ ലൈവായി സംപ്രേഷണം ചെയ്തിരുന്നു. കെഎസ്ആർടിസി ഡബിൾ ഡക്കർ ബസ് വാടകയ്ക്ക് എടുത്താണ് ഏഷ്യാനെറ്റ് ന്യൂസ് സ്‌കൂൾ യുവജനോൽസവ കവറേജിന് ഉപയോഗിച്ചത്.
ബസുകൾ ഡാൻസ് ഫ്‌ളോറാക്കി മാറ്റരുതെന്ന ഹൈക്കോടതി ഉത്തരവാണ് സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി അധ്യക്ഷ കൂടിയായ ചീഫ് സെക്രട്ടറി ലംഘിച്ചതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കേരള മോട്ടോർ വാഹന ചട്ടങ്ങൾ ലംഘിച്ചാണ് കെഎസ്ആർടിസി ബസുകളെ ഡബിൾ ഡക്കറായി രൂപമാറ്റം വരുത്തുന്നത്. ചെറിയ കുറ്റങ്ങൾ ആരോപിച്ച് സ്വകാര്യ ടൂറിസ്റ്റ് ബസ്സുകളുടെ പെർമിറ്റ് റദ്ദാക്കുമ്പോഴാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നഗ്‌നമായ നിയമലംഘനം നടത്തിയത്.
കെഎസ്ആർടിസി ചട്ടവിരുദ്ധമായി രൂപമാറ്റം വരുത്തിയ ബസിനു മുകളിൽ നൃത്തം ചെയ്ത ചീഫ് സെക്രട്ടറിയുടെ നടപടി ഗുരുതരമായ നിയമ ലംഘനമാണെന്ന് നിയമ വിദഗ്ദ്ധർ പറയുന്നു. ഡിസ്‌കോ ഫ്‌ലോറായി ഗതാഗത വാഹനങ്ങളെ മാറ്റുന്നതിൽ ഹൈക്കോടതി ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച ശേഷമായിരുന്നു ശാരദാ മുരളീധരന്റെ നൃത്തച്ചുവടുകൾ എന്നത് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരെയും അൽഭുതപ്പെടുത്തി.
ട്രാൻസ്പോർട്ട് വകുപ്പ് ചീഫ് സെക്രട്ടറിക്കെതിരെ കേസെടുക്കുന്ന വിചിത്രമായ സാഹചര്യമാണ് നിലവിൽ. കൊടതി ഉത്തരവ് നഗ്‌നമായി ലംഘിച്ചതിനാൽ കോടതി അലക്ഷ്യ നടപടികളിലേക്കും നീങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.