താമരശേരിയിലെ വിദ്യാർത്ഥി സംഘട്ടനം, ചികിത്സയിലായിരുന്ന 15കാരൻ മരിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 15കാരൻ മരിച്ചു. ചുങ്കം പാലോറക്കുന്നിൽ ഇഖ്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസാണ് മരിച്ചത്. രാത്രി ഒന്നോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.
തലയിൽ ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടർന്നാണ് ഷഹബാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് പത്താം ക്ളാസുകാരന്റെ ദാരുണാന്ത്യം. എളേറ്റിൽ വട്ടോളി എം.ജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ്. സ്വകാര്യ ട്യൂഷൻ സെന്ററിലെ പരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു സ്കൂളിലെ കുട്ടികളുമായി അടി നടന്നത്.വ്യാഴാഴ്ച രാത്രി ഛർദ്ദിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടായതിനെ തുടർന്ന് ഷഹബാസിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.