യാത്രയയപ്പ് ചടങ്ങില്‍ എഡിഎം നവീന്‍ബാബുവിനെ പരസ്യമായി അപമാനിക്കാന്‍ പിപി ദിവ്യ ആസൂത്രിത നീക്കം നടത്തിയതായി മൊഴികള്‍. നവീന്‍ബാബുവിന്റ മരണത്തെകുറിച്ച് അന്വേഷിച്ച ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലാണ് നിര്‍ണ്ണായക വിവരങ്ങള്‍. ചടങ്ങിന് മുമ്പ് ദിവ്യയുടെ സഹായി നാലുവട്ടം കലക്ടറുടെ സ്റ്റാഫിനെ വിളിച്ചു. പരിപാടി ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടതും വീഡിയോ കൈപ്പറ്റിയതും ദിവ്യയെന്നാണ് കണ്ണൂര്‍ വിഷന്‍ പ്രതിനിധികളുടെ മൊഴി. ഇത്രയേറെ ആസൂത്രണം നടത്തിയിട്ടും വഴിയെ പോകുമ്പോള്‍ പരിപാടിക്കെത്തി എന്നായിരുന്നു ദിവ്യയുടെ പ്രസംഗം. പെട്രോള്‍ പമ്പ് അനുമതിക്കായി നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവുമില്ലെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
14-10–2024 ലെ വിവാദ യാത്രയപ്പില്‍ നവീന്‍ ബാബുവിനെ പിപി ദിവ്യ പരസ്യമായി അധിക്ഷേപിച്ചത് ഒരാകസ്മിക സംഭവമായിരുന്നില്ലെന്നാണ് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ തെളിയുന്നത്. ആദ്യം യാത്രയപ്പ് നിശ്ചയിച്ചത് 11ന്. അന്ന് അവധി പ്രഖ്യാപിച്ചതിനാല്‍ ചടങ്ങ് മാറ്റി. അന്ന് പിപി ദിവ്യ കലക്ടറെ പലതവണ വിളിച്ചു, രാത്രിയിലെ ഫോണ്‍ സംഭാഷണത്തില്‍ കലക്ടറുടെ ഓഫീസ് സ്റ്റാഫിനെതിരെ സുപ്രധാന വിവരം പങ്ക് വെക്കാനുണ്ടെന്ന് പറഞ്ഞതായി അരുണ്‍ കെ വിജയന്റെ മൊഴിയുണ്ട്.