കണ്ണൂര്‍: സി.പി.എം. സംസ്ഥാന സമ്മേളനം പൂർത്തിയായതിനു പിന്നാലെ സംസ്ഥാന സമിതിയിലെ അംഗത്വത്തെ ചൊല്ലി പല കോണുകളിൽനിന്നും അതൃപ്തി ഉയരുന്നുണ്ട്. എ.പദ്മകുമാര്‍, പി. ജയരാജൻ, മേഴ്സിക്കുട്ടിയമ്മ തുടങ്ങിയവരെ തഴഞ്ഞതിൽ അമർഷം ഉയരുന്നതിനിടെ ചര്‍ച്ചയായി ജനാധിപത്യ മഹിളാ അസോസിയേഷന് നേതാവ് എന്‍. സുകന്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റും.
കഴിഞ്ഞദിവസം ഫെയ്സ്ബുക്കില്‍ പ്രൊഫൈല്‍ചിത്രം മാറ്റിയതിനൊപ്പം എന്‍. സുകന്യ പങ്കുവെച്ച കുറിപ്പാണ് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ‘ഓരോ അനീതിയിലും നിങ്ങള്‍ കോപത്താല്‍ വിറയ്ക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ സഖാവാണ്- ചെഗുവേര’ എന്നാണ് സുകന്യ ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പ്. സി.പി.എം സംസ്ഥാന സമ്മേളനം പൂർത്തിയായി, സംസ്ഥാന സമിതി അംഗങ്ങളുടെ പട്ടിക പുറത്തുവന്നതിനു പിന്നാലെയായിരുന്നു സുകന്യയുടെ പോസ്റ്റ്. ഇതിനു പിന്നാലെ തൃശ്ശൂരിലെ മുതിർന്ന നേതാവ് യു.പി. ജോസഫിനൊപ്പമുള്ള ചിത്രവും സുകന്യ ഫേയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
ജോസഫിന് ജന്മദിനാശംസ നേർന്നുകൊണ്ടായിരുന്നു പോസ്റ്റ്. കണ്ണൂരില്‍നിന്ന് സി.പി.എം. സംസ്ഥാന സമിതിയിലെത്തുമെന്ന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന നേതാവായിരുന്നു എന്‍.സുകന്യ. ജനാധിപത്യ മഹിളാ അസോസിയേഷന് നേതാവ് കൂടിയായ എന്‍. സുകന്യയെ കണ്ണൂരിലെ വനിതാ പ്രാതിനിധ്യമെന്നനിലയില്‍ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാല്‍, ജോണ്‍ ബ്രിട്ടാസ്, വി.കെ.സനോജ്, ബിജു കണ്ടക്കൈ, എം.പ്രകാശന് എന്നിവരാണ് കണ്ണൂരില്‍നിന്ന് പുതുതായി സി.പി.എം. സംസ്ഥാന സമിതിയിലെത്തിയത്.
തൃശ്ശൂരിൽനിന്ന് സംസ്ഥാന സമിതിയിലേയ്ക്ക് എത്തിയേക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട നേതാവായിരുന്നു യു.പി. ജോസഫും. എന്നാൽ, മന്ത്രി ആർ. ബിന്ദുവിനെയാണ് തൃശ്ശൂരിൽനിന്ന് സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയത്.
അതേസമയം, തന്റെ ഫെയ്സ്ബുക്ക് കുറിപ്പിന് മറ്റുവ്യാഖ്യാനങ്ങളൊന്നും ഇല്ലെന്നായിരുന്നു എന്‍.സുകന്യയുടെ പ്രതികരണം. ചിത്രത്തിനൊപ്പം ചെഗുവേരയുടെ വാക്കുകളും എഴുതിയന്നേയുള്ളൂവെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതിനിടെ, പി. ജയരാജനെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താതിരുന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ മകന് ജെയിന് രാജ് വാട്സാപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസും ചര്‍ച്ചയായി. സി.പി.എം. നേതാവ് എം.സ്വരാജ് 2019-ല്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ‘വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ’ എന്ന പോസ്റ്റാണ് ജെയിന് രാജ് തന്റെ വാട്സാപ്പ് സ്റ്റാറ്റസാക്കിയത്. എം. സ്വരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ടായിരുന്നു ജെയിന് രാജ് വാട്സാപ്പ് സ്റ്റാറ്റസാക്കി പോസ്റ്റ് ചെയ്തത്.
സി.പി.എം. സംസ്ഥാന സമിതിയില്‍നിന്ന് തഴഞ്ഞതിനെതിരേ പത്തനംതിട്ടയിലെ മുതിര്‍ന്ന നേതാവ് എ.പദ്മകുമാര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. മന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവാക്കിയതിലും അദ്ദേഹം അതൃപ്തി പരസ്യമാക്കിയിരുന്നു. പി. ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കാതിരുന്നതിലും സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളുയരുന്നുണ്ട്.