തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാനുമായി രണ്ടാംഘട്ട തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട പിതൃസഹോദരൻ ലത്തീഫിന്റെ എസ് എൻ പുരത്തെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ നിന്നാണ് അഫാനെ എത്തിച്ചത്. തെളിവെടുപ്പിനായി ബോംബ് സ്ക്വാഡിനെയും എത്തിച്ചിരുന്നു. കൊലയ്ക്ക് ശേഷം വലിച്ചെറിഞ്ഞ മൊബൈൽ ഫോൺ കണ്ടെത്തുന്നതിനായാണ് ബോംബ് സ്ക്വാഡിനെ എത്തിച്ചത്. പരിശോധനയിൽ ഫോൺ കണ്ടെത്തി.
പിതൃസഹോദരൻ ലത്തീഫിനെ കൊലപ്പെടുത്തിയത് സ്ഥിരമായുള്ള കുത്തുവാക്കുകളിൽ മനംനൊന്താണെന്ന് പ്രതി അഫാൻ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. തലയ്ക്കടിച്ച് കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് തന്റെ കുടുംബത്തെ നശിപ്പിച്ചത് നിങ്ങളാണെന്ന് അഫാൻ ലത്തീഫിനോട് പറഞ്ഞിരുന്നു. സോഫയിലിരുന്ന ലത്തീഫിന്റെ എതിർവശത്ത് വന്നിരുന്ന അഫാൻ പെട്ടെന്ന് ബാഗിൽ നിന്ന് ചുറ്റികയെടുത്ത് തലയ്ക്കടിച്ചു. ബഹളം കേട്ട് എത്തിയ ലത്തീഫിന്റെ ഭാര്യ സജിതാ ബീവി നിലവിളിച്ചുകൊണ്ട് അടുക്കളഭാഗത്തേയ്ക്ക് ഓടി. പുറകെ ഓടിയ അഫാൻ സജിതാ ബീവിയേയും അടിച്ചുവീഴ്ത്തി.ഈ സമയം ലത്തീഫിന്റെ മൊബൈലിലേക്ക് ഒരു കാൾ വന്നതോടെ അഫാൻ ആ ഫോണും കൈക്കലാക്കി.
സംഭവശേഷം പുറത്തേയ്ക്ക് ഇറങ്ങിയ അഫാൻ ലത്തീഫിന്റെ ഫോൺ സമീപത്തെ കുഴിയിലേക്ക് വലിച്ചെറിഞ്ഞു. ഫോൺ വലിച്ചെറിഞ്ഞ സ്ഥലം അഫാൻ പൊലീസിന് പറഞ്ഞുകൊടുത്തു. സജീതാ ബീവിയോട് വൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ലെന്നും വിവരം പുറത്തറിയുമെന്നതിനാലാണ് അവരെയും കൊലപ്പെടുത്തിയതെന്നുമാണ് അഫാൻ പറഞ്ഞത്.അഫാന്റെ മാതാവ് ഷെമി നടത്തിയിരുന്ന ചിട്ടി പൊളിഞ്ഞതോടെ വീടും സ്ഥലവും വിറ്റ് കടങ്ങൾ തീർക്കാൻ ലത്തീഫ് ഉപദേശിച്ചിരുന്നു. ആർഭാട ജീവിതമാണ് കടങ്ങൾ പെരുകാൻ കാരണമെന്നും ഷെമിയോടും അഫാനോടും ലത്തീഫ് പറഞ്ഞിരുന്നു. ലത്തീഫിന് 80,000 രൂപയോളം ഷെമി നൽകാനുണ്ടായിരുന്നു. ഈ പണം മര്യാദയ്ക്ക് തിരിച്ച് നൽകണമെന്നും ലത്തീഫ് ഇടയ്ക്കിടയ്ക്ക് പറയുമായിരുന്നെന്ന് അഫാൻ പറഞ്ഞു.