ബെംഗളൂരു: നടി രന്യ റാവു അറസ്റ്റിലായ സ്വർണക്കടത്ത് കേസിൽ കർണാടക ഡിജിപി കെ രാമചന്ദ്ര റാവുവിനെതിരെ ആഭ്യന്തര അന്വേഷണം. രാമചന്ദ്ര റാവുവിന്റെ ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളാണ് രന്യ. കർണാടക സ്റ്റേറ്റ് പോലീസ് ഹൗസിങ് കോർപ്പറേഷന്റെ ചുമതല വഹിക്കുന്ന ഡിജിപിയാണ് രാമചന്ദ്ര റാവു. രാമചന്ദ്ര റാവുവിന്റെ സ്വാധീനം ഉപയോഗിച്ചാണോ രന്യ റാവു എയർപോർട്ടിലെ പരിശോധനയിൽ നിന്ന് രക്ഷപ്പെട്ടത് എന്നതടക്കം കർണാടക അഡീഷണൽ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെ നേതൃത്വത്തിൽ അന്വേഷിക്കും. കേസിൽ ബെംഗളുരുവിൽ റസ്റ്റോറന്റ് ബിസിനസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തരുൺ രാജു എന്നയാളും അറസ്റ്റിലായി. തരുണുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡിആർഐ പുറത്തുവിട്ടിട്ടില്ല.
അതേസമയം രന്യ റാവു എയർപോർട്ട് പോലീസിന്റെ സുരക്ഷയിൽ ദേഹ പരിശോധന ഒഴിവാക്കി പുറത്ത് വരുന്ന സിസിടിവി ദൃശ്യങ്ങൾ ഡിആർഐക്ക് കിട്ടിയിരുന്നു. രന്യ നടത്തിയ നിയമ വിരുദ്ധ ഇടപാടുകളിൽ തനിക്ക് ഒരു ബന്ധവുമില്ലെന്ന് രാമചന്ദ്ര റാവു നേരത്തെ പറഞ്ഞിരുന്നു. എങ്കിലും പ്രോട്ടോക്കോൾ ലംഘനമുണ്ടായോ എന്നാണ് പ്രാഥമികമായി അന്വേഷിക്കുക.
നാല് മാസം മുൻപ് ബെംഗളുരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അത്യാഡംബരത്തോടെയാണ് രന്യ റാവുവും പ്രമുഖ ആർക്കിടെക്റ്റായ ജതിൻ ഹുക്കേരിയും വിവാഹിതരായത്. ബെംഗളുരുവിലെ പല ആഡംബര റസ്റ്റോറന്റുകളുടെയും ശിൽപ്പിയെന്ന നിലയിൽ പേര് കേട്ട ജതിൻ, രന്യയുടെ പല യാത്രകളിലും കൂടെയുണ്ടായിരുന്നു. മാർച്ച് മൂന്നിന് 14.5 കിലോ സ്വർണവുമായി രന്യ പിടിയിലാവുമ്പോഴും ജതിൻ കൂടെയുണ്ടായിരുന്നു. തനിക്കൊന്നുമറിയില്ല എന്ന് ജതിൻ ആവർത്തിക്കുന്നു.
ഇക്കഴിഞ്ഞ 2 മാസത്തിൽ 27 തവണ ദുബായ്, മലേഷ്യ എന്നിവിടങ്ങളിൽ പോയി വന്ന രന്യ റാവു, ഇതിൽ പലപ്പോഴായി വലിയ രീതിയിൽ സ്വർണക്കടത്ത് നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഓരോ തവണയും സ്വർണം കടത്താൻ കിലോയ്ക്ക് 4 ലക്ഷം രൂപ വരെ കമ്മീഷൻ കിട്ടി. എയർപോർട്ട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഇടപെട്ട് രന്യയെ വലിയ ദേഹപരിശോധനയില്ലാതെ വിഐപി ചാനലിലൂടെ പുറത്ത് കടക്കാൻ സഹായിച്ചത് രണ്ടാനച്ഛന്റെ നിർദേശപ്രകാരമാണോ എന്ന് ഡിആഎർഐ പരിശോധന നടത്തുന്നുണ്ട്. വിദേശ രാജ്യങ്ങളിലും നാട്ടിലെത്തിയ ശേഷവും രന്യയെ സ്വർണം കടത്താനും കൈമാറാനും സഹായിച്ച പ്രാദേശിക ഇടനിലക്കാർക്ക് വേണ്ടിയും പരിശോധന തുടരുന്നുണ്ട്.