ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള സെല്‍ഫി പങ്കുവെച്ച് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. ചൊവ്വാഴ്ച കേരള ഹൗസില്‍ എം.പിമാര്‍ക്കായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അത്താഴവിരുന്നും കൂടിക്കാഴ്ചയും സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഈ ചടങ്ങില്‍വെച്ചാണ് തരൂര്‍, പിണറായിക്കൊപ്പമുള്ള സെല്‍ഫി എടുത്തതും അത് സാമൂഹികമാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചതും
ഗവര്‍ണര്‍ക്കൊപ്പവും സെല്‍ഫി പകര്‍ത്തിയ തരൂര്‍ ആ ചിത്രവും എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങളേക്കുറിച്ച് മനസ്സിലാക്കാനും യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യാനും കേരളത്തില്‍നിന്നുള്ള മുഴുവന്‍ എം.പിമാരെയും അത്താഴവിരുന്നിന് ക്ഷണിച്ച ഗവര്‍ണറുടെ നടപടിയെ തരൂര്‍ അഭിനന്ദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ പങ്കെടുക്കുകയും ഹ്രസ്വമായി സംസാരിക്കുകയും ചെയ്തു. ഈ അസാധാരണ നീക്കം രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറം വികസനത്തിനുവേണ്ടിയുള്ള സംയുക്ത ശ്രമങ്ങള്‍ക്കുള്ള ശുഭസൂചനയായാണ് കണക്കാക്കുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ആദ്യമായാണ് ഇത്തരമൊരു കൂടിക്കാഴ്ച ഗവർണർ സംഘടിപ്പിക്കുന്നത്. എല്ലാ ആവശ്യങ്ങൾക്കുംവേണ്ടി എവിടെവരാനും തയ്യാറാണെന്നും കേരളത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് താനും ബോധവാനാണെന്നും ആര്‍ലേക്കര്‍ വ്യക്തമാക്കി. പ്രശ്നങ്ങളും ആവശ്യങ്ങളും കേന്ദ്രത്തിനുമുന്നിൽ ഫലപ്രദമായി അവതരിപ്പിക്കാൻ മുഖ്യമന്ത്രിക്കൊപ്പം താനുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ലഹരിസംഘങ്ങൾക്കെതിരേ ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഗവർണർ വ്യക്തമാക്കി.