തിരുവനന്തപുരം: വേതനം വർദ്ധിപ്പിക്കുമെന്ന കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം കൊണ്ടുമാത്രം കാര്യമില്ലെന്നും ഉത്തരവ് ഉണ്ടാകാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും വ്യക്തമാക്കി ആശാവർക്കർമാർ. മുൻപും ഇത്തരം വാഗ്ദാനങ്ങൾ നൽകി ആശമാരെ വഞ്ചിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. ‘കേന്ദ്രമന്ത്രി സുരേഷ് ഗോപി പലതവണ സമരപന്തൽ സന്ദർശിച്ചിട്ടുണ്ട്. ഇനി വരുമ്പോൾ ഉത്തരവുമായി വരണമെന്നാണ് ആഗ്രഹം.ആശമാരും സുരേഷ് ഗോപിയും പറ്റിക്കപ്പെടരുത്. സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം’ എന്നും സമരസമിതി വ്യക്തമാക്കി.
സെക്രട്ടേറിയറ്റിനുമുന്നിലെ ആശാവർക്കർമാരുടെ സമരം ഇന്ന് മുപ്പത്തിമൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കത്തുന്ന വേനൽച്ചൂടിന് ആശമാരുടെ ആവേശത്തിനെ തെല്ലും കുറയ്ക്കാനായിട്ടില്ല. പലരും രോഗബാധിതരാണ്. അത്തരക്കാർ ആശുപത്രിയിൽ ചികിത്സ തേടിയശേഷം വീണ്ടും സമരപ്പന്തലിലേക്ക് എത്തുകയാണ്. തങ്ങളുടെ ആവശ്യം അംഗീകരിച്ചുകൊണ്ടുള്ള തീരുമാനം ഉണ്ടാകാതെ സമരത്തിൽ നിന്ന് പിൻവാങ്ങില്ലെന്നാണ് അവരുടെ ഉറച്ച തീരുമാനം. കഴിഞ്ഞ ദിവസം ചർച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഒരുങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സൂചിപ്പിച്ചിരുന്നു. എന്നാൽ സമരക്കാരെ ചർച്ചയ്ക്ക് വിളിക്കാനുള്ള ഒരു തീരുമാനവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് അറിയുന്നത്.
ആശാവർക്കർമാരുടെ ധനസഹായം വർദ്ധിപ്പിക്കാൻ കുടുംബ ആരോഗ്യ മന്ത്രാലയത്തിനുള്ള സ്റ്റാന്റിംഗ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.ഗവേഷണത്തിനും പൊതുജനാരോഗ്യ നിർവഹണത്തിനും ഇടയിലുള്ള വിടവ് നികത്താൻ ആശമാരുടെ സേവനം ഉപയോഗപ്പെടുത്തണം. ഇതിന് ആശമാർക്ക് ആവശ്യമായ പ്രോത്സാഹനം നൽകണം. നിലവിൽ ആശമാർക്ക് നൽകുന്ന തുച്ഛമായ ധനസഹായം അടിസ്ഥാന ചെലവിന് മതിയാകില്ല. അതിനാൽ ആശമാരുടെ പതിവ് പ്രതിഫലത്തിന് പുറമെ ഹെൽത്ത് റിസർച്ച് ഡിപ്പാർട്ട്മെന്റിനുള്ള വിഹിതത്തിൽ നിന്ന് കൂടുതൽ സഹായം ഉറപ്പാക്കണമെന്നുമാണ് രാംഗോപാൽ യാദവ് അദ്ധ്യക്ഷനായ കമ്മിറ്റി ശുപാർശ ചെയ്തത്.2025-26ലെ ബഡ്‌ജറ്റിൽ ആരോഗ്യ ഗവേഷണത്തിന് 4970.03 കോടി ആവശ്യപ്പെട്ടെങ്കിലും നീക്കിവച്ചത് 3900.69 കോടിയാണെന്നും സ്റ്റാന്റിംഗ് കമ്മിറ്റി റിപ്പോർട്ടിലുണ്ട്. ബഡ്‌ജറ്റിന്റെ 1.89ശതമാനമാണ് ആരോഗ്യമേഖലയ്‌ക്ക് മാറ്റിവച്ചത്. ഇത് വർദ്ധിപ്പിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെടുന്നുണ്ട്.