തിരുവനന്തപുരം: ലഹരിക്കെതിരെ ഒന്നിച്ചുനിൽക്കേണ്ട സമയമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതിൽ രാഷ്ട്രീയം കലർത്തരുത്. ഇത്തരം തെറ്റായ പ്രവണതയോട് ഒരുതരത്തിലും സന്ധി ചെയ്യില്ല. എല്ലാവരും ലഹരിക്കെതിരെ ഒന്നിച്ചുനിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഇതൊക്കെ കാണുമ്പോൾ ചിലരുടെ താത്പര്യം ലഹരി ഇല്ലാതാക്കലാണോ എസ് എഫ് ഐ ഇല്ലാതാക്കലാണോയെന്ന് തോന്നിപ്പോകും. എല്ലാ രാഷ്ട്രീയപ്പാർട്ടിക്കാരും ഇതിനെതിരെ നിലപാട് സ്വീകരിക്കേണ്ടവരാണ്. ഏതെങ്കിലും ഒരു പ്രത്യേക മുന്നണിയ്ക്ക് ഇവിടെ മുഴുവൻ ലഹരിയൊഴുക്കണമെന്ന് ആഗ്രഹമില്ല.യുവജന വിദ്യാർത്ഥി സംഘടനകളും വളരെ നല്ല രീതിയിൽ ഇതിനെതിരെ പ്രചാരണം നടത്തിവരികയാണ്, പ്രത്യേകിച്ച് എസ് എഫ് ഐ. വിദ്യാർത്ഥി സംഘടനകൾ എല്ലാം കൈകോർത്ത് സർക്കാരിനൊപ്പം നിലകൊള്ളേണ്ട ഘട്ടത്തിൽ എസ് എഫ് ഐയെ ഒതുക്കലാണ് അജണ്ടയെന്ന് തോന്നുന്ന നിലയിൽ ആരെങ്കിലും അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിൽ അത് ജനം മനസിലാക്കും.
അത്തരക്കാരുടെ പ്രശ്നം ലഹരിയാണോ എസ് എഫ് ഐയാണോ? ഞങ്ങൾക്കൊറ്റ അജണ്ടയേയുള്ളൂ, എല്ലാവരും ഒന്നിച്ച് നിൽക്കണം. ലഹരി ഇല്ലാതാക്കണം. ഇതിന്റെ സ്രോതസ്, ഏജന്റുകൾക്കെതിരെയൊക്കെ ഇപ്പോൾ സർക്കാർ സ്വീകരിക്കുന്നതുപോലെ കർക്കശനിലപാട് സ്വീകരിച്ച് മുന്നോട്ടുപോകണം. നമ്മളെല്ലാം ഒന്നിച്ചുനിൽക്കണം. കെ എസ് യുവോ ഏതെങ്കിലും വിദ്യാർത്ഥി സംഘടനകളോ ആണ് ലഹരിയുടെ ഹോൾസെയിൽ ഏജന്റുമാരെന്ന് പറയാനാല്ല ഞങ്ങൾ ഉദ്ദേശിക്കുന്നത്. അതല്ല ഞങ്ങളുടെ ലക്ഷ്യം. എല്ലാവരും ഒന്നിക്കണം. ഇതൊരു സാമൂഹിക പ്രശ്നമാണ്. വ്യക്തിപരമായ പ്രശ്നമാണ്. സാമൂഹിക പ്രശ്നമാണ്.’- അദ്ദേഹം പറഞ്ഞു.