ലഹരി പ്രവര്‍ത്തനങ്ങള്‍ തടയാന്‍ മറ്റു ഏജന്‍സികളുടെ സാഹയം തേടും : മുഖ്യമന്ത്രി

തിരുവനന്തപുരം : ഡാര്‍ക്ക്നെറ്റിലെ അജ്ഞാത മാര്‍ക്കറ്റുകളും ഫോറങ്ങളും വഴിയുള്ള ലഹരി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പോലീസിനു പുറമേ മറ്റ് ഏജന്‍സികളുടെ സഹായം തേടുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ലഹരിക്കേസുകളില്‍ ആവര്‍ത്തിച്ച് ഏര്‍പ്പെടുന്നവരെ കരുതല്‍ തടങ്കലിലാക്കുന്നുണ്ട്. ഇവരുടെ സ്വന്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൊബൈല്‍ ഫോണ്‍, അമിത ഇന്റര്‍നെറ്റ് ഉപയോഗം മൂലം കുട്ടികളിലെ ഡിജിറ്റല്‍ അഡിക്ഷന് കണ്ടെത്തി പരിഹരിക്കുന്നതിനായി സംസ്ഥാനത്ത് അതാതു ജില്ലാ പോലീസ് മേധാവിമാരുടെ കീഴില്‍ ആറു നഗരങ്ങളില്‍ ഡിജിറ്റല്‍ ഡി-അഡിക്ഷന്സെന്ററുകള് (D-DAD) ആരംഭിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങള്‍,വൈകാരികവും , വ്യക്തിപരവുമായ പ്രശ്നങ്ങള്‍, പഠന പ്രശ്നങ്ങള്‍, ശാരീരികമായ വെല്ലുവിളികള്‍ എന്നിവയെക്കുറിച്ചുള്ള വിവരം നല്‍കുന്നതിനും പരാതികള്‍ അറിയിക്കുന്നതിനും , കേരള പൊലീസിന്റെ ചിരി ഹെല്പ് ലൈന്‍ (9497900200)24 X 7പ്രവര്‍ത്തിച്ചു വരുന്നു
കുട്ടികളിലെ മൊബൈല്‍ അഡിക്ഷന് ലെവല്‍ മനസിലാക്കി അതിനനുസരിച്ചു മൊബൈല്‍ഫോണിന്റെ / ഇന്റര്‍നെറ്റിന്റെ അമിത ഉപയോഗം മൂലം ഉണ്ടാകുന്ന ദൂഷ്യ വശങ്ങളില് നിന്നും കുട്ടികളെരക്ഷിക്കുന്നതിന് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കുന്നതിനും ഇവ നിയന്ത്രിക്കുന്നതിനാവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ഈമേഖലയിലെ മന:ശാസ്ത്ര വിദഗ്ദ്ധര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ഉപയോഗപ്പെടുത്തി വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കഴിഞ്ഞ രണ്ടുമാസത്തിനിടെ (ജനുവരി,ഫെബ്രുവരി) സംസ്ഥാനത്തെ ഡീ അഡിക്ഷന് കേന്ദ്രങ്ങളില്‍ 18-ന് താഴെയുള്ള 588 കുട്ടികള്‍ ചികിത്സതേടിയെന്നു മന്ത്രി എം.ബി.രാജേഷ്. 2024ല്‍ 2880,2023ല്‍ 1982, 2022ല്‍ 1238,2021ല്‍ 681 എന്നിങ്ങനെയാണു ചികിത്സതേടിയവരുടെ എണ്ണം. എല്ലാ ജില്ലകളിലും ഡീ അഡിക്ഷന് കേന്ദ്രങ്ങളുണ്ട്. ലഹരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.