മോദിയുടെ കാലാവധി നിശ്ചയിക്കേണ്ടത് റാവത്തല്ല: ചന്ദ്രശേഖർ ബവൻകുലെ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാലാവധി തീരുമാനിക്കുന്നത് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവുത്തല്ലെന്നും രാജ്യത്തെ ജനങ്ങളാണെന്നും മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു. 75-ാം വയസ്സിൽ വിരമിക്കണമെന്ന് നിർബന്ധിക്കുന്ന നിയമം ബിജെപിയിലില്ലെന്നും ബവൻകുലെ കൂട്ടിച്ചേർത്തു.
താൻ വിരമിക്കുകയാണെന്ന് അറിയിക്കാൻ മോദി നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചുവെന്ന സഞ്ജയ് റാവുത്തിന്റെ അവകാശവാദം ബിജെപി സംസ്ഥാന അധ്യക്ഷൻ തള്ളി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് റാവുത്തിന്റെ അവകാശവാദം തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് റാവുത്തിനെതിേര സംസ്ഥാന അധ്യക്ഷനും രംഗത്തെത്തിയത്.
ഇന്ത്യൻ ഭരണഘടനയിൽ അത്തരം നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. മുൻ ബിജെപി നേതാവ് അടൽ ബിഹാരി വാജ്പേയി 79 വയസ്സുവരെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൊറാർജി ദേശായി 83 വയസ്സുവരെയും ഡോ. മൻമോഹൻസിങ് 81 വയസ്സു വരെയും പ്രധാനമന്ത്രി പദത്തിൽ ഇരുന്നിട്ടുണ്ട്.
ബിജെപിയോടുള്ള ശത്രുതയിൽ അന്ധനായിപ്പോയ റാവുത്ത് ഇക്കാര്യങ്ങളെല്ലാം മറന്നതായി തോന്നുന്നുവെന്ന് ബവൻകുലെ പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിൽ ഒരു പ്രധാനമന്ത്രിയുടെ കാലാവധി നിർണയിക്കുന്നത് റാവുത്തിനെപ്പോലുള്ള വ്യക്തികളല്ല, മറിച്ച് തിരഞ്ഞെടുപ്പ് ജനവിധിയും പൊതുജനപിന്തുണയുമാണെന്നും ബവൻകുലെ പറഞ്ഞു.