സിപിഎമ്മിന്റെ പുതിയ കേന്ദ്ര കമ്മിറ്റിക്ക് 85 അംഗങ്ങള്‍; 7 പേര്‍ പ്രത്യേക ക്ഷണിതാക്കള്‍

പുതിയ 85 അംഗ കേന്ദ്ര കമ്മിറ്റിക്ക് 24 -ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ അംഗീകാരം. ടിപി രാമകൃഷ്ണന്‍,പുത്തലത്ത് ദിനേശന്‍, കെ എസ് സലീഖ തുടങ്ങി 3 പേരാണ് കേരളത്തില്‍ നിന്ന് പുതുതായി കേന്ദ്രകമ്മിറ്റിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സീനിയറായ പികെ സൈനബയെ തഴഞ്ഞാണ് സലീഖയെ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മണിക് സര്‍ക്കാര്‍, സുഭാഷിണി അലി, എസ് രാമചന്ദ്രന്‍ പിള്ള, ബിമന്‍ ബസു, ഹനന്‍ മോള്ള എന്നിവരാണ് കേന്ദ്രകമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാക്കളായിട്ടുള്ളത്. മന്ത്രിമാരായ എം ബി രാജേഷിനും മുഹമ്മദ് റിയാസിനും കേന്ദ്ര കമ്മിറ്റി അംഗത്വം ലഭിച്ചില്ല.

കേന്ദ്ര കമ്മിറ്റിയില്‍ 17 വനിതകളാകും ഉണ്ടാവുക. കേന്ദ്ര കമ്മിറ്റിയില്‍ ഉയര്‍ന്ന പ്രായം 75 തന്നെയാണ്. എന്നാല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് യൂസഫ് തരിഗാമിക്കും ശ്രീമതി ടീച്ചര്‍ക്കും ഇളവുണ്ട്.

അതേസമയം, എം എ ബേബി ആണ് ഇനി മുതല്‍ സിപിഐഎമ്മിനെ നയിക്കുക. ഇന്ന് രാവിലെ ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയിലാണ് എം എ ബേബിയെ ജനറല്‍ സെക്രട്ടറിയായി അംഗീകാരം നല്‍കിയത്. പ്രകാശ് കാരാട്ടാണ് ജനറല്‍ സെക്രട്ടറിയായി എം എ ബേബിയുടെ പേര് നിലവിലുള്ള കേന്ദ്ര കമ്മിറ്റിയില്‍ നിര്‍ദേശിച്ചത്. ഇഎംഎസിനുശേഷം ജനറല്‍ സെക്രട്ടറിയാകുന്ന മലയാളിയാണ് എംഎ ബേബി.
പാര്‍ട്ടിക്കുള്ളില്‍ പ്രയോഗികവാദിയായ കമ്യൂണിസ്റ്റ് ആയാണ് എം എ ബേബി അറിയപ്പെടുന്നത്. പ്രത്യയശാസ്ത്രത്തോട് പ്രതിബദ്ധത പുലര്‍ത്തുമ്പോഴും ലോകത്തെ മാറ്റങ്ങള്‍ പിന്തുടരുന്നതിലും അവ ഉള്‍ക്കൊള്ളുന്നതിലും ബേബി മറ്റു പല നേതാക്കളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു.

മധുരയെ ചെങ്കടലാക്കി നടക്കുന്ന മഹാറാലിയോടെ സിപിഐഎമ്മിന്റെ 24-ാo പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊടി ഇറങ്ങും. 6 ദിവസം നീണ്ട് നിന്ന സമ്മേളനം മധുര വണ്ടിയൂര്‍ മസ്താന്‍ പെട്ടിക്ക് സമീപം എന്‍ ശങ്കരയ്യ നഗറില്‍ പൊതുസമ്മേളനത്തോടെ സമാപിക്കും. പകല്‍ മൂന്നിന് എല്‍ക്കോട്ടിനു സമീപം മധുര പാണ്ടി കോവില്‍ പരിസരത്തുനിന്ന് ചുവപ്പുസേനാ മാര്‍ച്ചും പ്രകടനവും തുടങ്ങും. വാച്ചാത്തി സമരപോരാളികള്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്ന പ്രകടനത്തില്‍ 10000 റെഡ് വളന്റിയര്‍മാര്‍ അണിനിരക്കും. സിപിഐഎമ്മിന്റെ ജനസ്വാധീനവും കരുത്തും വിളിച്ചറിയിക്കുന്നതായിരുന്നു 24-ാo പാര്‍ട്ടി കോണ്‍ഗ്രസ്.

Leave a Reply

Your email address will not be published. Required fields are marked *